തിരുവനന്തപുരം
നേരിട്ട് എൽഡിഎഫ്. അഞ്ചുപതിറ്റാണ്ടിലേറെക്കാലം തങ്ങളുടെ പ്രതിനിധിയായിരുന്ന ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്ന് ഉടനടി എത്തിയ ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷം പേർക്കും വിധി സംബന്ധിച്ച് തർക്കമുണ്ടായിരുന്നില്ല. മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമ്പോൾ പ്രത്യേകിച്ചും
.
സഹതാപം നിർബാധം ഒഴുകിയെത്തുമെന്ന് ഉറപ്പുണ്ടായിട്ടും കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും ബിജെപിയും യുഡിഎഫിനൊപ്പം കൈകോർത്ത് എൽഡിഎഫിനെതിരെ ‘ഒരു യൂണിറ്റു’പോലെ പ്രവർത്തിച്ചു. സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താക്കി മാറ്റുംവിധമുള്ള ‘സ്വപ്ന ഭൂരിപക്ഷ’മായിരുന്നു ലക്ഷ്യം. എന്നാൽ, അത് നടന്നില്ല.
യുഡിഎഫിനുവേണ്ടി ആദ്യഘട്ടത്തിൽ ചില മാധ്യമങ്ങൾ
സർവേ നടത്തി പ്രവചിച്ചത് 60,000 ത്തിനുമേൽ ഭൂരിപക്ഷമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംശയലേശമന്യേ പ്രവചിച്ചത് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവർത്തിച്ച് പറഞ്ഞത് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് ആകെ കിട്ടുന്ന വോട്ടിനേക്കാൾ കൂടുതലായിരിക്കും ഭൂരിപക്ഷം എന്നാണ്. സഹതാപതരംഗം മുൻനിർത്തിയായിരുന്നു ഈ കണക്കുകൂട്ടൽ. മരണാനന്തരചടങ്ങുകൾ നടക്കവേയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടക്കം യുഡിഎഫിന് അനുകൂലമായ ഒട്ടനവധി സാഹചര്യങ്ങളാണുണ്ടായത്. എന്നാൽ, ഈ കുത്തിയൊഴുക്കിനിടയിലും ജെയ്ക് സി തോമസ് നിവർന്നുനിന്ന് എൽഡിഎഫ് വോട്ടുകൾ അതിനൊപ്പം ഒഴുകാതെ തടുത്തുനിർത്തി.
ബിജെപി വോട്ടിൽ നല്ലൊരു ശതമാനം യുഡിഎഫിലേക്ക് പോയത് സ്വാഭാവികമായി സംഭവിച്ചതുമല്ല. സ്വന്തം സ്ഥാനാർഥിക്ക് വോട്ട് വേണമെന്നല്ല, എൽഡിഎഫിനെ പരാജയപ്പെടുത്തണമെന്നാണ് കെ സുരേന്ദ്രനടക്കം പുതുപ്പള്ളിയിൽ പ്രസംഗിച്ച് നടന്നത്. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് കെ സുധാകരനും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളും പ്രചാരണ വേളയിൽ നടത്തി. ചാണ്ടി ഉമ്മന്റെ ‘രാമൻ’ പരാമർശവും വോട്ട് ലക്ഷ്യംവച്ചായിരുന്നു. ഇത്തരം യാഥാർഥ്യങ്ങൾകൂടി ചേർത്തുവച്ചാലേ പുതുപ്പള്ളി ചർച്ച പൂർത്തിയാകൂ.















