തിരുവനന്തപുരം> മോൺസൺ മാവുങ്കൽ കേസിലെ പ്രതി ഐജി ജി ലക്ഷ്മണിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എറാണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് നടപടി. കോഴിക്കോട് സ്വദേശി ബീരാൻ നൽകിയ പരാതിയിൽ ജി ലക്ഷ്മണയുടെ പങ്കിനെക്കുറിച്ച് ആരോപണമുന്നയിച്ചിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ രണ്ട് ദൃശ്യങ്ങളും പരാതിക്കാരൻ കൈമാറിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഐജി ലക്ഷ്മണിനെ കേസിൽ നാലാം പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഉന്നത പൊലീസുദ്യോഗസ്ഥനായ ലക്ഷ്മൺ ഇത്തരത്തിലൊരു കേസിലുൾപ്പെട്ടത് സേനയുടെ അന്തസിനെ ഇടിച്ചുതാഴ്ത്തിയതായും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. അഖിലേന്ത്യാ സിവിൽ സർവീസ് പെരുമാറ്റ ചട്ടങ്ങളും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ചീഫ് സെക്രട്ടറി ഡോ. വി വേണു ഉത്തരവിറക്കിയത്.