ഷാരൂഖ് ഖാനൊപ്പം സംവിധായകൻ ആറ്റ്ലിയടക്കം ഒരുപിടി തെന്നിന്ത്യൻ താരങ്ങൾ അണിനിരന്ന ജവാൻ എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു മാസ് മസാല പടം തന്നെയാണ്. തമിഴിൽ വിജയ്ക്കൊപ്പം ഒരുക്കിയ ആറ്റ്ലി സിനിമകളുടെ ബോളിവുഡ് പതിപ്പ്. വിജയ്ക്ക് പകരം സാക്ഷാൽ ഷാരൂഖ് ഖാൻ. തമിഴകത്ത് മാസ് സിനിമകൾ ഒരുക്കുന്നതിൽ പ്രധാനിയായ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രം. ബോളിവുഡിലേക്ക് ചേക്കേറുമ്പോഴും തന്റെ ശൈലിയായ തമിഴ് മസാല വിട്ട് പിടിക്കാതെയാണ് ചിത്രമൊരുക്കിയത്. ആറ്റ്ലിയുടെ ഹിറ്റ് ഫോർമാറ്റിൽ അടിയും ഇടിയും പാട്ടും ഡാൻസും ഇമോഷൻസുമായുള്ള ഒരു ആഘോഷ പാക്കേജ്.
യുക്തിയ്ക്കും ചിന്തകൾക്കുമെല്ലാം അവധി നൽകി മാത്രം കാണാനാകുന്ന സിനിമ. ഷാരൂഖ് ആരാധകർക്കും മാസ് മസാല സിനിമാ പ്രേമികൾക്കും നിരാശ സമ്മാനിക്കാത്ത ഒരു പക്കാ മാസ് മസാല പാക്കേജ്. പുതുമയോ ത്രില്ലടിപ്പിക്കുന്ന കാഴ്ചകളോ ഇല്ലാതെ സാധാമട്ടിൽ തുടങ്ങി അതുപോലെ അവസാനിക്കുന്ന ഫോർമാറ്റ് തന്നെയാണ് ജവാന്റേത്. പക്ഷെ തിയറ്ററിൽ പ്രേക്ഷകരെ ആർത്ത് വിളിച്ച് ആഘോഷിക്കാനും സന്തോഷിപ്പിക്കാനുമുള്ള വക ആറ്റ്ലി ഒരുക്കിവച്ചിട്ടുണ്ട്. ഷാരൂഖിനൊപ്പം നയൻതാരയും വിജയ് സേതുപതിയും ദീപിക പദുകോണുമെല്ലാം അണിനിരക്കുന്ന ചിത്രം പക്ഷെ അടിമുടി കിങ് ഖാൻ ഷോയാണ്.
ജവാനിലെ പ്രകടത്തിലൂടെ ബോളിവുഡിലെ മാസ് സിനിമകളുടെ അവസാന വാക്കാണ് താനാണ് എന്ന പറച്ചിൽ അരക്കിട്ട് ഉറപ്പിക്കുന്നുണ്ട് കിങ് ഖാൻ. അച്ഛനും മകനുമായി ഇരട്ടവേഷത്തിൽ ഷാരൂഖ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വലിയ കഥയോ തിരക്കഥയുടെ മുറുക്കമോ അവകാശപ്പെടാനില്ലാത്ത ചിത്രത്തിൽ അടിച്ചും ഇടിച്ചും തമാശ പറഞ്ഞും എതിരാളികൾക്കെതിരെ പഞ്ച് ഡയലോഡ് അടിച്ചുമെല്ലാം അടിമുടി ഷാരൂഖ് ഷോയാണ് ചിത്രം. പലയാവർത്തി നമ്മൾ കണ്ട വിജയ് ചിത്രങ്ങളുടെ ഫൊർമാറ്റിലേക്ക് ഷാരൂഖിനെ പ്രതിഷ്ഠിക്കുക മാത്രമാണ് ആറ്റ്ലി ചെയ്തത്. എന്നാൽ തന്റെ സിനിമാറ്റിക് പ്രസൻസ് ഉപയോഗിച്ച് സിനിമയ്ക്ക് തന്റേതായ സിഗ്നേച്ചർ നൽകുന്നുണ്ട് ഷാരൂഖ്. വൈകാരിക രംഗങ്ങളിലെല്ലാം ഷാരൂഖ് പുലർത്തുന്ന കൈയ്യടക്കം സിനിമയ്ക്ക് കൂടുതൽ കരുത്ത് നൽകുന്നുണ്ട്.
അനിരുദ്ധിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ റേഞ്ച് ഉയർത്തുന്നുണ്ട്. ‘തെന്നിന്ത്യൻ സിനിമാത്വം’ സംഗീതത്തിലുമുണ്ട്. നായികയായി സൂപ്പർസ്റ്റാർ നയൻതാരയാണ് എത്തുന്നത്. സംഘടന രംഗങ്ങളടക്കം നയൻതാര മികവ് പുലർത്തുന്നുണ്ട്. എല്ലാ തലത്തിലും നയൻതാരയുടെ നർമദ റായ് എന്ന കഥാപാത്രം മികവ് പുലർത്തുന്നുണ്ട്. പല പടങ്ങളിലും ശക്തനായ വില്ലനായി വിജയ് സേതുപതിയെ കണ്ടിട്ടുണ്ട്. എന്നാൽ ജവാനിൽ ആ മികവ് തുടരാനായില്ല. ദൈർഘ്യമുള്ള അതിഥി വേഷത്തിലെത്തിയ ദീപിക പദുകോണും ജവാന് പൂർണത നൽകി. സാനിയ മൽഹോത്ര, പ്രിയമണി തുടങ്ങി നിരവധി താരങ്ങളും തങ്ങളുടെ ഭാഗം കൃത്യമായി അവതരിപ്പിച്ചു.
നടൻ വിജയ് അതിഥി വേഷത്തിലെത്തുമെന്ന് ‘വാർത്ത’കളുണ്ടായിരുന്നുവെങ്കിലും സിനിമയിലെ സസ്പെൻസ് അതിഥി വേഷം സഞ്ജ് ദത്തായിരുന്നു. മലയാളി പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ സഞ്ജയ് ദത്ത് കഥാപാത്രം സിനിമയുടെ പാൻ ഇന്ത്യൻ സാധ്യത മുൻനിർത്തി സൃഷ്ടിച്ചതാണ്. മലയാളിയെ ലക്ഷ്യം വച്ച് ‘ഓണാശംസകൾ‘ എന്ന് പറയുമ്പോൾ അതിന്റെ ഇംപാക്ട് തിയറ്ററിലുണ്ടാകുന്നുണ്ട്. എല്ലായിടത്തേയും പ്രേക്ഷകരെ കൈയ്യിലെടുക്കാൻ നടത്തുന്ന ഇത്തരം ഗിമ്മിക്കുകൾ വിജയം കാണുന്നുണ്ട്. റൂബന്റെ എഡിറ്റിങും ജി കെ വിഷ്ണുവിന്റെ ക്യാമറയും സിനിമയ്ക്ക് താളവും വേഗവുമാകുന്നുണ്ട്.
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് എന്ന മുൻകാലത്തെ സ്ഥിതിഗതികളെ പുനർനിർമിച്ചാണ് തെന്നിന്ത്യയിൽ നിന്ന് പാൻ ഇന്ത്യൻ സിനിമകൾ വന്നത്. ഇതിന്റെ അടുത്ത തലമാണ് ജവാൻ. തെന്നിന്ത്യൻ സംവിധായകനും ഒരുപിടി താരങ്ങളും സാങ്കേതിക പ്രവർത്തകരുമടക്കം കിങ് ഖാനൊപ്പം ചേർന്ന് ബോളിവുഡിൽ ഒരുക്കിയ തെന്നിന്ത്യൻ സിനിമാ കാഴ്ച.
എന്നാൽ, ഈ മാസ് മസാലയ്ക്കപ്പുറം ഒരു ജവാനുണ്ട്. കച്ചവട സിനിമയുടെ എല്ലാ ഫോർമുലകളും കൃത്യമായി സന്നിവേശിപ്പിക്കുമ്പോഴും പറ്റാവുന്ന ഇടത്ത് വളരെ തെളിച്ചത്തോടെ ഗംഭീമായി രാഷ്ട്രീയം പറയുന്നുണ്ട് ജവാൻ. തന്റെ സിനിമകളിലൂടെ കേന്ദ്ര സർക്കാരിനെതിരെ ആദ്യമായല്ല ആറ്റ്ലി വിമർശനം ഉയർത്തുന്നത്. വിജയ്ക്കൊപ്പമുള്ള മുൻ സിനിമകളിലും അതുണ്ടായിരുന്നു. വിജയിയുടെ മതം വരെ ബിജെപി തിരയാൻ ഇറങ്ങിയ വിവാദങ്ങളുടെ തുടക്കം ആറ്റ്ലി ചിത്രം മെർസലായിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ ബിജെപി നയങ്ങൾക്കെതിരായ വിമർശന ശരമായിരുന്നു മെർസൽ. അതിന്റെ തുടർച്ചയായി ജവാനിലും മോദി സർക്കാരിനെതിരായ വിമർശനം ആറ്റ്ലി ഉയർത്തുന്നുണ്ട്. ഒരു പക്ഷെ മുൻ സിനിമകളിൽ നിന്ന് കൂറച്ച് കൂടി മുറുക്കത്തോടെ ശക്തമായി രാഷ്ട്രീയം പറയുന്നുണ്ട്. ഷാരൂഖ് ചിത്രങ്ങളിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ അടരുണ്ടാകുന്നത് ആദ്യമായാകും.
കർഷക ആത്മഹത്യ, കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിനോടെല്ലാം നേരിട്ട് കൊമ്പ് കോർക്കുന്നുണ്ട് ചിത്രം. 40,000 രൂപ വായ്പയെടുത്ത കർഷകനെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ബാങ്കുകൾ ബിസിനസുകാരന്റെ 40,000 കോടി എഴുതി തള്ളാൻ യാതൊരു മടിയുമില്ലെന്ന് ഷാരൂഖ് കഥാപാത്രം പറയുന്നുണ്ട്. കോടീശ്വരന്മാരായ വ്യവസായികളുടെ 12ലക്ഷം കോടി രുപ മോദി ഭരണത്തിൽ എഴുതി തള്ളിയ സംഭവങ്ങളിലേക്കാണ് ഈ രംഗം വിരൽ ചൂണ്ടുന്നത്. അദാനിമാരെയടക്കം സൂചിപ്പിക്കുന്ന കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. ഇങ്ങനെ ആർക്കൊപ്പാണ് ബിജെപി സർക്കാർ നിലക്കൊള്ളുന്നതെന്ന് വ്യക്തമായി പറയുകയാണ് ആറ്റ്ലിയും ഷാരൂഖും.
ഭരണകൂട പരാജയത്തിന്റെ കുത്തൊഴുക്കായിരുന്നു കോവിഡ് കാലം. കോവിഡ് കാലത്ത് ആശുപത്രികളിൽ മതിയായ ഓക്സിജൻ ഒരുക്കാതെ സ്വന്തം ജനതയെ മരണത്തിലേക്ക് തള്ളി വിട്ട സംഭവങ്ങളെയും ജവാൻ ഓർമിപ്പിക്കുന്നു. ഉത്തർപ്രദേശിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ സ്വന്തം നിലയിൽ ഓക്സിജൻ സജീകരിച്ച ഡോ. കഫീൽ ഖാനെതിരെ ബിജെപി സർക്കാർ നടത്തിയ പ്രതികാരനടപടി രാജ്യം സാക്ഷ്യം വഹിച്ചതാണ്. സർക്കാർ മടിച്ച് നിന്നപ്പോൾ മനുഷ്യ ജീവൻ രക്ഷിക്കാൻ പ്രയത്നിച്ച കാഫീൽ ഖാനെ കള്ളക്കേസിൽ ജയിലിൽ അടച്ച യുപി സർക്കാരിന്റെ നടപടി സിനിമയുടെ ഭാഗമാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന സൈനികരെ കൊലയ്ക്ക് കൊടുത്ത പുൽവാമ പോലുള്ള സംഭവങ്ങളിലേക്ക് നയിച്ച ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയെയും അതിരറ്റ് വിമർശിക്കാൻ ആറ്റ്ലിയും ഷാരൂഖാനും ജവാനിൽ ഇടമൊരുക്കുന്നുണ്ട്.
സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡകൾക്കായി കശ്മീർ ഫയൽസും കേരള സ്റ്റോറീസുമടക്കമുള്ള നിരവധി സിനിമകൾ നിരന്തരം സൃഷ്ടിക്കപ്പെട്ടുന്ന കാലത്ത് തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുമ്പോൾ ഈ ഭരണകൂടത്തിനെതിരെ നിങ്ങളുടെ ‘ആസാദി’ ഉറപ്പാക്കാൻ വിരൽ കൃത്യമായി ഉപയോഗിക്കണമെന്ന് ഉറക്കെ ആഹ്വാനം ചെയ്യുന്ന നായകൻ അടിമുടി രാഷ്ട്രീയമാണ്. സർക്കാരിനെ സഹായിക്കാൻ ശതകോടീശ്വരന്മാരുള്ള കാലത്ത് അവർക്കെതിരെ അണിനിരക്കാൻ നായകനായ ഷാരൂഖ് പറയുമ്പോൾ കേവല സിനിമാറ്റിക് ഹീറോയിസത്തിനപ്പുറമുള്ള ഹീറോയിസം അതിലുണ്ട്. തങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക് അവാർഡുകളും സ്ഥാനമാനങ്ങളും നൽകി സന്തോഷിപ്പിക്കുകയും എതിർക്കുന്നവരെ ഇഡിയെയും മറ്റു അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കുന്ന മോദി– ഷാ രാഷ്ട്രീയത്തെ നേരിട്ട് നിന്ന് വെല്ലുവിളിക്കുകയാണ് ജവാൻ.
തന്നെ വേട്ടയാടാൻ മകനെ കേസിൽ കുടുക്കിയ ബിജെപിയോട് ‘മകനെ വിട്ട് എന്റെ അടുത്തേക്ക് വാടാ’ എന്ന സിനിമ ഡയലോഗിന് കേവല സംഭാഷണത്തിനപ്പുറം മാനങ്ങളുണ്ട്. ബോളിവുഡിലെ വലിയൊരു വിഭാഗവും ബിജെപിയ്ക്ക് കീഴ്പെട്ടു കഴിഞ്ഞ കാലഘട്ടത്തിൽ തന്നെയാണ് തെന്നിന്ത്യയിൽ നിന്ന് ഒരു സംഘം കലാകാരന്മാരെ കൂടെകൂട്ടി ഇന്ത്യൻ സിനിമയുടെ കിങ് ഖാൻ തന്റെ നിലപാട് പ്രഖ്യാപിക്കുന്നത്. ഒരു മാസ് മസാല സിനിമയായി മാത്രം നിർത്താതെ സാമൂഹിക പ്രതിബന്ധത കൂടി ഒപ്പം ചേർത്താണ് ആറ്റ്ലിയും ഷാരൂഖും ജവാൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. അത്തരത്തിൽ ബോളിവുഡിൽ ഒരു സിനിമ സാധ്യമാക്കിയതിൽ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ആറ്റ്ലിയ്ക്കും നിർമാതാവായ റെഡ് ചില്ലീസിന്റെ ഉടമകളായ ഗൗരി ഖാനും ഷാരൂഖ് ഖാനും അഭിമാനിക്കാം.