കോട്ടയം > മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മകൻ ചാണ്ടി ഉമ്മന് ജയം. സഹതാപ തരംഗത്തിൽ മണ്ഡലത്തിലെ ഉയർന്ന ഭൂരിപക്ഷം (36,667) നേടിയാണ് ചാണ്ടിയുടെ ജയം. വോട്ടുനില: ചാണ്ടി ഉമ്മൻ (യുഡിഎഫ്) -78098, ജെയ്ക് സി തോമസ് (എൽഡിഎഫ്) – 41644, ലിജിൻ ലാൽ (ബിജെപി) – 6447, ലൂക്ക് തോമസ് (ആംആദ്മി പാർട്ടി) – 829.
53 വർഷം ഉമ്മൻ ചാണ്ടി കൈവശം വച്ചിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ തന്നെ ഉയർന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ മറികടന്നത്. 2011 ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള ഉയർന്ന കണക്ക്. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.
എൽഡിഎഫ് ഉയർത്തിയ വികസന ചർച്ചകളിൽ നിന്ന് ഒളിച്ചോടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഉമ്മൻ ചാണ്ടിയുടെ വേർപാടിനുശേഷം ഒരു മാസത്തിനുള്ള പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചകൾക്ക് മുഖംകൊടുക്കാതെ സഹതാപം മാത്രമായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രം.