ആലുവ
‘കുട്ടിയുടെ കരച്ചിൽ കേട്ടു. പിന്നീട് ആ നിലവിളി അടുത്തുവന്നു. ജനൽവഴി നോക്കുമ്പോൾ ഒരുത്തൻ കുട്ടിയെ തല്ലാനോങ്ങുന്നു. കുഞ്ഞ് നിലവിളിക്കുന്നു. ഉടൻ ഭാര്യയെ വിളിച്ചെഴുന്നേൽപ്പിച്ചു. സമീപവാസികളായ അബൂബക്കറിനെയും ഷാജിയെയും കൂട്ടി ഉടൻ തിരയാൻ ആരംഭിച്ചു’–പീഡനശ്രമത്തിനിരയായ കുട്ടിയുടെ സമീപവാസിയായ സുകുമാരന്റെ വാക്കുകൾ. സുകുമാരനും മറ്റുള്ളവരും ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് കുട്ടിയെ ജീവനോടെ ലഭിച്ചത്.
‘പുലർച്ചെ 2.15ന് മൂത്രമൊഴിക്കാൻ എഴുന്നേറ്റതാണ് ഞാൻ. മൂത്രമൊഴിച്ചശേഷം തിരികെവന്ന് ബഡ്ഡിലിരുന്നു. പുറത്ത് നല്ലമഴയുണ്ടായിരുന്നു. അതിനിടെയിലാണ് നിലവിളി കേട്ടത്. ജനൽവഴി നോക്കിയപ്പോൾ ചുവന്ന നിറത്തിലുള്ള ഷർട്ട് ധരിച്ചയാൾ ഒരു കുട്ടിയുമായി നടന്നുവരുന്നു. അയാൾ കുഞ്ഞിനെ അടിക്കാനോങ്ങുന്നു. സംശയം തോന്നി ഭാര്യയെ വിളിച്ചുണർത്തി.

പെൺകുട്ടിയെ പീഡിപ്പിച്ച ആലുവ എടയപ്പുറത്തെ പാടം
ഞങ്ങൾതന്നെ അയൽക്കാരായ അബൂബക്കറിനെയും ഷാജിയെയും വിവരം അറിയിച്ചു. മൂന്നുപേരുംകൂടി തിരച്ചിൽ തുടങ്ങി. പാടത്തിനടുത്ത് എത്തിയപ്പോൾ ഒരു കൊച്ചുകുട്ടി വസ്ത്രമൊന്നുമില്ലാതെ നിലവിളിച്ചുകൊണ്ട് വരുന്നതുകണ്ടു. കുട്ടിയുടെ പിൻഭാഗത്തുനിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു അത്. ഒരാൾ ബലമായി പിടിച്ചുകൊണ്ടുപോയി ഉപദ്രവിച്ചെന്ന് ആ കുട്ടി പറഞ്ഞു. ഉടൻ കുട്ടിയുമായി എന്റെ വീട്ടിലെത്തി. ഇതിനിടയിൽ പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് ഉടൻ എത്തി. തുടർന്ന് അവരുടെ സഹായത്തോടെ അബൂബക്കറിന്റെ ഓട്ടോറിക്ഷയിൽ കുട്ടിയെ ആശുപത്രിയിലാക്കി. തിരച്ചിലിനിടെ കുട്ടിയുടേതെന്ന് കരുതുന്ന ഉടുപ്പും ലഭിച്ചു’–- സുകുമാരൻ പറഞ്ഞു.
സംഭവസമയം വീട്ടിൽ 5 കുട്ടികൾ
എടയപ്പുറത്തെ വീട്ടിലുണ്ടായിരുന്നത് അഞ്ച് കുട്ടികൾ. പെൺകുട്ടിക്ക് രണ്ട് സഹോദരങ്ങളാണുള്ളത്. ഇവർക്കുപുറമെ അച്ഛന്റെ അനുജന്റെ രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർ അടുത്തിടെയാണ് പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം താമസം ആരംഭിച്ചത്. പെൺകുട്ടിയുടെ അച്ഛനും ഇദ്ദേഹത്തിന്റെ അനുജനും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ഇവർ തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. തലസ്ഥാനത്ത് അടുത്തിടെ നടക്കുന്ന മേളയിൽ ഇവർ കളിപ്പാട്ടം വിൽക്കുന്ന സ്റ്റാൾ ഒരുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ആവശ്യത്തിനാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രയ്ക്കിടയിലാണ് വിവരം അറിയുന്നത്. യാത്ര പാതിയിൽ അവസാനിപ്പിച്ച് വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
കുതിച്ചെത്തി പൊലീസ്
എടയപ്പുറം പീഡനക്കേസിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസ് നല്ലരീതിയിൽ ഇടപെട്ടെന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും. പുലർച്ചെയാണ് വിവരം അറിഞ്ഞതെന്ന് കുട്ടിയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മകൻ പറഞ്ഞു. ‘‘പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞു. അവർ എന്നെയുംകൂട്ടി വീട്ടിലേക്ക് വേഗം വന്നു. വീട്ടിൽ എത്തി വിവരങ്ങൾ തിരക്കി. അതോടൊപ്പം കുട്ടിയെ ഉടൻ ആശുപത്രിയിലാക്കാനും നടപടിയെടുത്തു’’. കൺട്രോൾ റൂമിൽ വിവരം അറിയിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തിയതായി സമീപവാസികളും പറഞ്ഞു.
.jpg)
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വീട്ടിലെ മുൻവശത്തെ ജനൽപ്പാളിയിൽനിന്ന് ശാസ്ത്രീയ തെളിവ് ശേഖരിക്കുന്നു















