കൊച്ചി
സംസ്ഥാനത്ത് എഐ കാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ചുള്ള ഹർജി രാഷ്ട്രീയതാൽപ്പര്യത്തോടെയുള്ളതാണെന്നും തള്ളണമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എഐ കാമറ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ ഹർജിയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സ്റ്റേറ്റ് അറ്റോർണി മുഖേന നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് വിശദീകരണം.
ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. സേഫ് കേരള പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ ശേഖരിക്കാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
എഐ കാമറകൾ സ്ഥാപിച്ചതിലൂടെ വാഹനാപകടങ്ങൾ കുറയ്ക്കുകയെന്ന പ്രാഥമികലക്ഷ്യം കൈവരിക്കാനായി. കാമറകൾ പ്രവർത്തനം തുടങ്ങിയതുമുതൽ വാഹനാപകടങ്ങൾ വൻതോതിൽ കുറഞ്ഞു. പിഴയിനത്തിൽ ഇതുവരെ 7.62 കോടി രൂപ ലഭിച്ചതായും വിശദീകരിച്ചു.
അഞ്ചുവർഷത്തെ ചർച്ചകൾക്കുശേഷമാണ് സേഫ് കേരള പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. 2017ൽ സേഫ് സോൺ പ്രോജക്ട് ഓഫ് ശബരിമല എന്ന പേരിൽ സമർപ്പിച്ച പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാൻ അനുമതി നൽകുകയായിരുന്നു. ഇതിൽ പലവട്ടം ചർച്ച നടത്തിയശേഷമാണ് സേഫ് കേരള പദ്ധതിയായി ശുപാർശ ചെയ്തത്. പദ്ധതി നടപ്പാക്കാൻ മോട്ടോർവാഹനവകുപ്പിന് സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാൽ കെൽട്രോണിന്റെ സഹായം തേടി.
കാമറ സ്ഥാപിച്ചാൽ ഗതാഗതനിയമലംഘനം നടത്തുന്നവരിൽനിന്ന് അഞ്ചുവർഷത്തിനുള്ളിൽ 424 കോടി രൂപ പിഴയിനത്തിൽ സർക്കാരിന് ലഭിക്കുമെന്ന് കെൽട്രോൺ വിശദീകരിച്ചിരുന്നു. ഇതിൽനിന്ന് കെൽട്രോണിന് നൽകേണ്ട തുക കുറച്ച് 188 കോടി രൂപ ഖജനാവിലേക്ക് എത്തുമെന്നുമായിരുന്നു വിലയിരുത്തൽ. പൂർണ അർഥത്തിലുള്ള ബിൽഡ് ഓൺ ഓപ്പറേറ്റ് ട്രാൻസ്ഫർ (ബൂട്ട്) മാതൃകയിലല്ല പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ആദ്യം പണം നൽകേണ്ടതില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.















