കൊച്ചി
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഏകാധിപത്യശൈലിയിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി പി വി ലാജു പാർടിയിൽനിന്ന് രാജിവച്ചു. ഇനി സിപിഐയിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പറവൂർ മണ്ഡലത്തിൽനിന്നുള്ള നേതാവുകൂടിയായ ലാജു, രണ്ടുവട്ടം പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. രാജി വി ഡി സതീശനും എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും തിരിച്ചടിയായി.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ സതീശൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞദിവസമാണ് ലാജു കോൺഗ്രസിൽനിന്ന് രാജിവച്ചത്. നിലവിൽ തുരുത്തിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റാണ്. ലാജുവിന് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് പ്രവർത്തകർ വരുംദിവസങ്ങളിൽ പാർടി വിടുമെന്ന് സൂചനയുണ്ട്.
2011ൽ മണ്ഡല പുനർവിഭജനത്തെ തുടർന്നാണ് പുത്തൻവേലിക്കര പഞ്ചായത്ത് പറവൂർ മണ്ഡലത്തിന്റെ ഭാഗമായത്. അന്ന്, പഞ്ചായത്തിൽ തനിക്കുള്ള സ്വാധീനം തെരഞ്ഞെടുപ്പിൽ സതീശൻ പ്രയോജനപ്പെടുത്തിയെങ്കിലും പിന്നീട് ചതിക്കുകയായിരുന്നുവെന്ന് ലാജു പറഞ്ഞു. 2015ൽ പഞ്ചായത്തുഭരണം കോൺഗ്രസിന് കിട്ടിയപ്പോൾ പ്രസിഡന്റാക്കാതിരിക്കാൻ സതീശൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് തനിക്കെതിരെ അവിശ്വാസം വന്നപ്പോൾ അവിശ്വാസചർച്ചയിൽനിന്ന് വിട്ടുനിൽക്കണമെന്ന വിപ്പ് പാർടിയിലെ അംഗങ്ങൾക്ക് നൽകാതിരിക്കാൻ സതീശൻ ഇടപെട്ടു. ഡിസിസി ജനറൽ സെക്രട്ടറിയായിട്ടും ഒന്നരവർഷമായി പാർടിയുടെ ഒരു പരിപാടിയും അറിയിക്കാറില്ലായിരുന്നുവെന്നും -ലാജു പറഞ്ഞു.