ലണ്ടൻ
പാപ്പരായതായി സ്വയം പ്രഖ്യാപിച്ച് ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരം ബർമിങ്ഹാം. അവശ്യപട്ടികയിൽപ്പെടുന്നതല്ലാത്ത എല്ലാ സേവനങ്ങളും നിർത്തിവയ്ക്കുന്നതായി നഗര കൗൺസിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജീവനക്കാർക്ക് നൽകേണ്ടിയിരുന്ന, 76 കോടി പൗണ്ട് വരുന്ന (ഏകദേശം 7931.76 കോടി രൂപ) കുടിശിക നൽകാനാകാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ, 2023–- 24 സാമ്പത്തികവർഷം നഗര കൗൺസിലിന് 8.7 കോടി പൗണ്ട് (90.8 കോടി രൂപ) ധനക്കമ്മിയുണ്ടാകുമെന്ന് കണക്കാക്കുന്നു. രാജ്യത്തെ കൺസർവേറ്റീവ് സർക്കാരിന്റെ നയങ്ങളാണ് നഗരത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് നഗര കൗൺസിൽ ആരോപിച്ചു. എന്നാൽ, പ്രാദേശികമായ സാമ്പത്തികപ്രശ്നങ്ങൾ തദ്ദേശ ഭരണസഭകൾ സ്വയം പരിഹരിക്കണമെന്നാണ് ഋഷി സുനക് സർക്കാരിന്റെ നിലപാട്.