തിരുവനന്തപുരം
ആർഎസ്എസ് അജൻഡയായ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിനുള്ള കൂടിയാലോചനയ്ക്കായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലും എത്തി. ഗവർണർ ആരിഫ് മൊഹമ്മദ് ഖാനുമായായിരുന്നു പ്രധാന കൂടിക്കാഴ്ച. കേരളത്തിലെ പ്രമുഖ ബിജെപി, ആർഎസ്എസ് നേതാക്കളെയും കണ്ടതായാണ് വിവരം. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ തലവനായി തെരഞ്ഞെടുക്കപ്പെടുംമുമ്പായിരുന്നു കൂടിക്കാഴ്ച.
പത്തു മാസത്തിനിടെ രണ്ടു തവണ കേരളത്തിൽ എത്തിയ അദ്ദേഹം നിരവധി ദിവസം കേരളത്തിൽ തങ്ങി. സമിതിയുടെ തലവനായി തെരഞ്ഞെടുക്കുംമുമ്പുതന്നെ രാംനാഥ് കോവിന്ദ് പ്രവർത്തനം തുടങ്ങിയതിന്റെ തെളിവാണ് ഇത്. കഴിഞ്ഞ നവംബറിൽ അദ്ദേഹം കേരളത്തിൽ എത്തിയത് ഗവർണർ ആരിഫ് മൊഹമ്മദ് ഖാനൊപ്പം ആയിരുന്നു. കാര്യമായ പരിപാടികൾ അന്നില്ലായിരുന്നു. വെള്ളനാട് ഗവേഷണ ലൈബ്രറി ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്.
ഇതിനുശേഷം ആഗസ്ത് 19നും കേരളത്തിൽ എത്തി. രാജ്ഭവനിലെ ഓണാഘോഷത്തിൽ പ്രധാന അതിഥി രാംനാഥ് കോവിന്ദായിരുന്നു. തുടർന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും വർക്കല നാരായണ ഗുരുകുലത്തിലും പൊതുപരിപാടികളുണ്ടായിരുന്നു. ശിവഗിരിയും സന്ദർശിച്ചു. ആർഎസ്എസ് അജൻഡയെ ശക്തമായി എതിർക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് സമിതി തലവന്റെ ചുമതല ഏറ്റെടുക്കുംമുമ്പുതന്നെ ഇതുസംബന്ധിച്ച ചർച്ചകൾക്കായി കേരളത്തിൽ എത്തിയതെന്നാണ് വിവരം. ആർഎസ്എസ് നിലപാടുകളോടുള്ള എതിർപ്പ് രാജ്യത്ത് ഏറ്റവും ശക്തമായി പ്രകടിപ്പിക്കുന്നത് സിപിഐ എമ്മാണ്. കേരളത്തിലെ പ്രതിപക്ഷ പാർടികളും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിർക്കുന്നവരാണ്.
ആർഎസ്എസ് നിലപാടിനെ മറയില്ലാതെ പിന്തുണയ്ക്കുന്ന ഗവർണറാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചാണ് കേരളത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകിയതെന്നാണ് സൂചന.