തിരുവനന്തപുരം
പുതുപ്പള്ളിക്കുവേണ്ടി കോൺഗ്രസിൽ തൽക്കാലത്തേക്ക് ‘സ്വിച്ചോഫ്’ചെയ്ത രോഷപ്രകടനം ബുധനാഴ്ചമുതൽ വീണ്ടും രൂക്ഷമാകും. പ്രവർത്തകസമിതിയിൽനിന്ന് തഴഞ്ഞതിലുള്ള പ്രതിഷേധവും തുടർനീക്കങ്ങളും ആറിനു പറയാമെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. തനിക്കും ചിലത് പറയാനുണ്ടെന്ന് കെ മുരളീധരനും പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ ഏകാധിപത്യപരമായ തീരുമാനങ്ങൾക്ക് എതിരായ പൊട്ടലും ചീറ്റലും പുതുപ്പള്ളിയിൽനിന്നു തന്നെ തുടങ്ങിയിരുന്നു.
എ കെ ആന്റണിയുടെ ആശിർവാദത്തോടെ സംസ്ഥാന രാഷ്ട്രീയത്തിലും ശക്തനാകുന്ന ശശി തരൂരിന് എ ഗ്രൂപ്പിന്റെ ‘ബ്ലാങ്ക് ചെക്ക്’ തന്നെയുണ്ട് എന്നതും വേണുഗോപാൽ, വി ഡി സതീശൻ സംഘത്തിന് കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പുതുപ്പള്ളിയിൽ മറ്റു പല മുതിർന്ന നേതാക്കളെയും മൂലയ്ക്കിരുത്താൻ വി ഡി സതീശന് കഴിഞ്ഞെങ്കിൽ തന്റെ ‘കൺട്രോളിന് ’ പുറത്തായിരുന്നു തരൂരിന്റെ വരവും ‘റോഡ് ഷോ’യും. തങ്ങളെ അകത്ത് ഇരുത്തിയെന്ന തോന്നൽ ചെന്നിത്തലയ്ക്കും കെ മുരളീധരനും കെ സി ജോസഫിനും മാത്രമല്ല, മറ്റു പല നേതാക്കൾക്കും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മറ്റു നേതാക്കളിൽ വിശ്വാസമില്ലാത്ത അവസ്ഥ പുതുപ്പള്ളിയിൽ വി ഡി സതീശൻ സൃഷ്ടിച്ചെന്നതാണ് പ്രധാന ആക്ഷേപം. പുതുപ്പള്ളിയിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടാൽ അത് വി ഡി സതീശന്റെമാത്രം പരാജയമായി മാറ്റാനുള്ള നീക്കങ്ങളും മറുഭാഗത്ത് ശക്തമാണ്.
സ്വയരക്ഷയ്ക്കായുള്ള മാത്യു കുഴൽനാടന്റെ നാടകങ്ങൾ തിരിച്ചറിയാൻ നേതൃത്വത്തിന് കഴിയാതിരുന്നതും കോൺഗ്രസിൽ ചർച്ചയാണ്. കെ സുധാകരൻ കയറൂരിവിട്ടതുകൊണ്ടാണ് പാർടിക്കുതന്നെ തിരിച്ചടിയുണ്ടാക്കിയ വിവാദം കുഴൽനാടനുണ്ടാക്കിയത്. തട്ടിപ്പ് നടത്തുകയും ‘തികഞ്ഞ ഗാന്ധിയൻ’ ചമയുകയും ചെയ്യുന്ന കുഴൽനാടന്റെ തനിനിറം പാർടിയിൽ തുറന്നുകാണിക്കുമെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത് .