വാഷിങ്ടൺ
അമ്പതുവർഷംമുമ്പ് ചിലിയിലുണ്ടായ പട്ടാള അട്ടിമറിയും സോഷ്യലിസ്റ്റ് നേതാവായ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാൽവദോർ അലൻഡെയുടെ വധവും അമേരിക്കന്‍ പിന്തുണയോടെയായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന രേഖ പുറത്ത്. യുഎസ് ചാരസംഘടന സിഐഎ കഴിഞ്ഞദിവസം പുറത്തുവിട്ട ഔദ്യോഗിക രഹസ്യരേഖകളിലാണ് 1973 സെപ്തംബർ 11ന് നടന്ന അട്ടിമറിയെക്കുറിച്ചുള്ള വിവരം ഉള്ളത്.
അമേരിക്കയുടെ അന്നത്തെ പ്രസിഡന്റ് റിച്ചാർഡ് നിക്സന് അട്ടിമറി നടന്ന ദിവസം സിഐഎ അയച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. ‘മൂന്നുവർഷമായി പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസ്സിംഗറും പ്രോത്സാഹിപ്പിച്ചുവന്ന സൈനിക അട്ടിമറി ഫലപ്രാപ്തിയിൽ എത്തി’ എന്നായിരുന്നു സന്ദേശം. ഇതിന് മൂന്നു ദിവസംമുമ്പ് നിക്സന് സിഐഎ അയച്ച സന്ദേശത്തിൽ ചിലിയിലെ സാഹചര്യങ്ങൾ വിവരിക്കുന്നു. സർക്കാരിനെ അട്ടിമറിക്കാൻ നാവികസേന പദ്ധതിയിടുന്നതായും ഇവർക്ക് മറ്റ് സേനാവിഭാഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചതായും പറയുന്നു.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട അലൻഡെ സർക്കാരിനെ അധികാരമേൽക്കുന്നതിൽനിന്ന് തടയാൻ നിക്സനും കിസ്സിംഗറും ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് പട്ടാള ജനറൽ അഗസ്തോ പിനോച്ചെയെ കൂട്ടുപിടിച്ച് അട്ടിമറി നടത്തിയത്. അട്ടിമറിയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അറസ്റ്റിലായ നൂറുകണക്കിനുപേർക്ക് ജയിലറകളിൽ കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്നു. പിന്നീട് 17 വർഷം നീണ്ട പിനോച്ചെയുടെ മർദക ഭരണം അമേരിക്കയുടെ കൂട്ടാളിയായി. നാല്പതിനായിരത്തിലധികം പേര് ഇക്കാലയളവില്‍ കൊല്ലപ്പെട്ടു.