പുതുപ്പള്ളി
ഉപതെരഞ്ഞെടുപ്പിൽ 73 ശതമാനം പോളിങ്. ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്തു. മുൻ വർഷത്തേക്കാൾ രണ്ട് ശതമാനം കുറവാണിത്. 2021 ൽ പോളിങ് 75.35 ശതമാനമായിരുന്നു. പുരുഷൻമാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. 86,131 പേരിൽ 64,084 പേർ വോട്ട് രേഖപ്പെടുത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരിൽ 64,538 പേർ വോട്ട് ചെയ്തു.ചൊവ്വ രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. പകൽ രണ്ടിനുമുമ്പേ പോളിങ് ശതമാനം 50 കടന്നു. ഇടയ്ക്ക് പെയ്ത മഴയിലും ബൂത്തുകളിൽ തിരക്ക് കുറഞ്ഞില്ല. എന്നാൽ വൈകിട്ട് മിക്കയിടത്തും പോളിങ് മന്ദഗതിയിലായി.
വോട്ടർമാരുടെ നീണ്ടനിര രൂപപ്പെട്ട 32 ബൂത്തുകളിൽ വൈകിട്ട് 4.30ഓടെ കൂടുതൽ പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. വൈകിട്ട് ആറിന് ശേഷവും ക്യൂവിലുണ്ടായിരുന്നവർക്ക് സ്ലിപ്പ് നൽകി വോട്ടുചെയ്യാൻ അവസരം നൽകി. മൂന്ന് ബൂത്തുകളിലാണ് ആറിനുശേഷവും അപ്രതീക്ഷിതമായ തിരക്കുണ്ടായി രാത്രി ഏഴു വരെ വോട്ടെടുപ്പ് നീണ്ടത്.
ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായി. എന്നാൽ എവിടെയും അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് മണർകാട് കണിയാൻകുന്ന് എൽപി സ്കൂളിലെ 72–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. സഹകരണമന്ത്രി വി എൻ വാസവൻ കുടുംബാംഗങ്ങൾക്കൊപ്പം പാമ്പാടി എംജിഎം എച്ച്എസ്എസിലെ 102–-ാം നമ്പർ ബൂത്തിലും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്കൂളിലെ 126–-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തു.
ഉമ്മൻചാണ്ടിയുടെ മരണത്തെതുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ലിജിൻ ലാൽ, ആം ആദ്മി പാർടിയുടെ ലൂക്ക് തോമസ് എന്നിവരടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരിച്ചത്. വെള്ളിയാഴ്ച കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ. രാവിലെ എട്ടിന് ആരംഭിക്കും.