തിരുവല്ല/പത്തനംതിട്ട> നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയും കോൺഗ്രസ് നേതാവുമായ നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പുന്നൂസിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. 13 അംഗ ഭരണസമിതിയിൽ ഒരു കോൺഗ്രസ് അംഗം ഉൾപ്പെടെ 7 പേർ അവിശ്വാസത്തെ അ നുകൂലിച്ചതോടെയാണ് പ്രസിഡൻ്റ് പുറത്തായത്.
വടക്കാശേരി, കോട്ടയം ഈസ്റ്റ്, കോയിപ്രം, പുളിക്കീഴ്, തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ട്. മെയ് അവസാന വാരം പിടിയിലായ ഇയാൾ വിവിധ ജയിലുകളിൽ റിമാൻ്റിലായിരുന്നു. ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ പുളിക്കീഴ് സ്റ്റേഷനിൽ നിലനിൽക്കുന്ന കേസുകളിൽ അറസ്റ്റ് വാറൻ്റ് നിലവിലുള്ളതിനാൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
പന്ത്രണ്ടോളം തട്ടിപ്പ് കേസുകൾ ഇയാൾക്കെതിരെയുണ്ട്. കോൺഗ്രസിൽ നിന്ന് പിന്നീടിയാളെ സസ്പെൻ്റ് ചെയ്തെങ്കിലും പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇതിൽ കോൺഗ്രസിനുള്ളിലും പ്രതിക്ഷേധമുയർന്നിരുന്നു. ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിനോടൊപ്പം ഒരു കോൺഗ്രസ് അംഗം കൂടി ചേർന്നതോടെയാണ് പ്രസിഡൻ്റ് പുറത്തായത്.