അധികാരവികേന്ദ്രീകരണത്തില് രാജ്യത്തെ ഏറ്റവും സമഗ്രമായ പരിഷ്കാരം നടപ്പിലാക്കാന് കഴിഞ്ഞിട്ടുള്ളത് കേരളത്തിലാണ്. ജനകീയത വീണ്ടെടുക്കുക, പങ്കാളിത്താസൂത്രണ പ്രക്രിയയില് നൂതനപദ്ധതികള് ആവിഷ്കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയ മേഖലകളില് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ഇഗവേണന്സ് മേഖലയില് ഇന്ന് കേരളത്തില് ഏറ്റവും മുന്നില് നില്ക്കുന്നത് പഞ്ചായത്തീരാജ് ഭരണസംവിധാനമാണ്‘ –ഡോ. ടിഎം തോമസ് ഐസക്ക് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
‘ജനങ്ങളുടെ പരാതികളേറുന്നു’; ഭരണ സംവിധാനത്തെ വിമര്ശിച്ച് തോമസ് ഐസക്’ എന്നാണ് മനോരമ ഓണ്ലൈനിലെ ഒരു വാര്ത്ത. മറ്റു ചില ചാനലുകളിലും ഭരണസംവിധാനത്തെക്കുറിച്ചുള്ള എന്റെ വിമര്ശനം ഉണ്ട്. വന്കിട പ്രൊജക്ടുകള് നടപ്പിലാക്കാനുള്ള പ്രാപ്തിയില്ല. വ്യവസായ പ്രോത്സാഹനത്തില് ഫലപ്രദമല്ല. എന്നു തുടങ്ങിയവയാണ് പ്രധാന വിമര്ശനങ്ങളായി റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്.
സെപ്തംബര് 8ന്റെ പുതിയ ചിന്തയിലെ എന്റെ ലേഖനമാണ് ഇത്തരം വാര്ത്തകളുടെ ആധാരം. സെപ്തംബര് 8ന്റെ ചിന്തയിലെ കവര് സ്റ്റോറി ഭരണപരിഷ്കാരത്തെക്കുറിച്ചാണ്. ഇതു സംബന്ധിച്ച് തിരുവനന്തപുരത്തു നടന്ന പഠന കോണ്ഗ്രസ് സെമിനാറിലെ തെരഞ്ഞെടുത്ത ലേഖനങ്ങളാണ് ഉള്ളടക്കം. അതില് അവിടെ ഞാന് അവതരിപ്പിച്ച ‘പഠന കോണ്ഗ്രസുകളും ഭരണ പരിഷ്കാരവും ഒരു അവലോകനം’ എന്ന കുറിപ്പിലാണ് അന്വേഷകര് എന്റെ വിമര്ശനങ്ങള് കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യന് ഭരണകൂടത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിലെ ഭരണയന്ത്രം പല വടക്കേ ഇന്ത്യന് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ പുരോഗമനപരമാണ്. ഈ ജനാധിപത്യവല്ക്കരണം എങ്ങനെയാണ് ഉണ്ടായതെന്നു പരിശോധിച്ചശേഷം ഈ ഭരണയന്ത്രത്തിന്റെ ദൗര്ബല്യങ്ങള് വിമര്ശനപരമായി പരിശോധിക്കുന്നു.
‘കേരളത്തിലെ ഭരണസംവിധാനത്തിനു മേല്പ്പറഞ്ഞ നേട്ടങ്ങള് ഉണ്ടെന്നതു യാഥാര്ത്ഥ്യമാണെങ്കിലും നിരവധി പോരായ്മകള് അതിനുണ്ട്. അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന നിരവധി പദ്ധതികള്. വന്കിട പ്രൊജക്ടുകള് ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന് കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജന്സികളുടെ പ്രവര്ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള് പലപ്പോഴും ജനവിരുദ്ധമാകുന്നു.
ഭരണസംവിധാനത്തിന്റെ ഇത്തരം ദൗര്ബല്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്വകാര്യവല്ക്കരണ അജണ്ടകള് ജനങ്ങളുടെ മനസ്സില് അടിച്ചേല്പ്പിക്കാനുള്ള ശ്രമം നടക്കുന്നതെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില് ഭരണയന്ത്രത്തിന്റെ കാര്യക്ഷണതയും ജനകീയതയും ഉയര്ത്തിയേ തീരൂ. നിയോലിബറല് സര്ക്കാര് ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നല്കാന് നമുക്കു കഴിയണം.’
‘കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങള് ഈ രംഗത്ത് നടന്നില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജനസൗഹാര്ദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാല് ഇടതുപക്ഷ സര്ക്കാരുകള് ഇത്തരം പരിശ്രമങ്ങള് ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സര്ക്കാരുകള് അതിനെ ഉള്ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന് തയ്യാറായിരുന്നില്ല എന്നും കാണാനാകും.’
ഇതിനുശേഷം കഴിഞ്ഞ നാല് പഠന കോണ്ഗ്രസുകള് ഈ ദൗര്ബല്യങ്ങള് പരിഹരിക്കുന്നതിനു മുന്നോട്ടുവച്ച നിര്ദ്ദേശങ്ങള് എന്തായിരുന്നു? അവ എത്രമാത്രം നടപ്പാക്കാനായി? എന്നത് അവലോകനം ചെയ്യുന്നു.
എന്റെ വിലയിരുത്തല് ഇതാണ്:
‘അധികാരവികേന്ദ്രീകരണത്തില് രാജ്യത്തെ ഏറ്റവും സമഗ്രമായ പരിഷ്കാരം നടപ്പിലാക്കാന് കഴിഞ്ഞിട്ടുള്ളത് കേരളത്തിലാണ്. ജനകീയത വീണ്ടെടുക്കുക, പങ്കാളിത്താസൂത്രണ പ്രക്രിയയില് നൂതനപദ്ധതികള് ആവിഷ്കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയ മേഖലകളില് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ഇഗവേണന്സ് മേഖലയില് ഇന്ന് കേരളത്തില് ഏറ്റവും മുന്നില് നില്ക്കുന്നത് പഞ്ചായത്തീരാജ് ഭരണസംവിധാനമാണ്.’
‘വന്കിട പ്രൊജക്ടുകളെല്ലാം കാലാവധിയുടെ രണ്ടും മൂന്നും മടങ്ങ് കടന്ന് നീണ്ടുപോകുന്ന സ്ഥിതിവിശേഷത്തില് മാറ്റമുണ്ടായിട്ടുണ്ട്. കൂടുതല് സമയബന്ധിതമായി പ്രൊജക്ടുകള് പൂര്ത്തീകരിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. എന്നാല് ഈ കാര്യക്ഷമത ഇപ്പോഴും ഭൂരിപക്ഷം പ്രൊജക്ടുകളിലേക്കും എത്തിയിട്ടില്ല.’
‘വിദ്യാഭ്യാസആരോഗ്യാദി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിലെ പശ്ചാത്തലസൗകര്യ വികസനവും കൂടുതല് ജീവനക്കാരെ നിയോഗിച്ചതും ജനപങ്കാളിത്തവേദികള് ഫലപ്രദമായി പ്രവര്ത്തിച്ചതിന്റെയും ഫലമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയില് സമൂലമായ അഴിച്ചുപണി ഇപ്പോഴും പ്രായോഗിക പദ്ധതിയായിട്ടില്ല. ഭിന്നശേഷി, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റാം? സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് എങ്ങനെ കുറയ്ക്കാം?’
കാര്ഷിക മേഖല, വ്യവസായ പ്രോത്സാഹനം, റെഗുലേറ്ററി വകുപ്പുകള്, സുതാര്യതയും നഷ്ടോത്തരവാദിത്വവും, നിയമപരിഷ്കാരം, നഗരവല്കരണം, തുടങ്ങിയ മേഖലകളും പരിശോധിക്കുന്നുണ്ട്.
അവ സംബന്ധിച്ച് കൂടുതല് അറിയണമെന്നുള്ളവര് ചിന്ത വായിക്കുക.
ലേഖനത്തിന്റെ ആരംഭത്തില് പഠന കോണ്ഗ്രസ് പ്രക്രിയ ആരംഭിക്കുമ്പോള് ഉണ്ടായിരുന്ന ഭരണസംവിധാനത്തെക്കുറിച്ചുള്ള വിമര്ശനമെടുത്ത് ഇന്നത്തെ സര്ക്കാര് സംവിധാനത്തോടുള്ള വിമര്ശനമായി വ്യാഖ്യാനിച്ചിരിക്കുകയാണു ചിലര്. ലേഖനം അവസാനം വരെ വായിക്കാന് പോലും അവര് ശ്രമിച്ചിട്ടില്ല. ഏതോ ഒരാള് ഏതോ ചാനലില് ബ്രേക്ക് ചെയ്യുന്നു. പിന്നെ herd instinct ആണ്. എല്ലാവരും അതിനു പുറകേ.
ഏതായാലും അവരോട് എനിക്കൊരു കടപ്പാടുണ്ട്. മാധ്യമവിവാദം തുടങ്ങിയതിനുശേഷം ഒട്ടേറെ പേര് പുതിയ ചിന്ത അന്വേഷിക്കുന്നുണ്ട്. അച്ചടിച്ച ചിന്ത ലഭിക്കുന്നില്ലെങ്കില് (https://chintha.in #) ചിന്ത വായിക്കാവുന്നതാണ്.