പുതുപ്പള്ളി
ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മറ്റ് നേതാക്കളെ വിശ്വാസത്തിലെടുക്കാത്ത പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഏകപക്ഷീയ നിലപാടിൽ കോൺഗ്രസിന്റെ നേതൃനിരയിൽ കടുത്ത അമർഷം. കെപിസിസി മുൻ പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയും കെ മുരളീധരനും പരസ്യമായി നീരസം പ്രകടിപ്പിച്ചുകഴിഞ്ഞു.
അഞ്ചിന് വോട്ടെടുപ്പ് കഴിഞ്ഞ് പറയാമെന്നാണ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് തങ്ങളെപ്പോലുള്ള നേതാക്കളെ അന്വേഷിക്കുന്നതെന്നായിരുന്നു മുരളീധരൻ അഭിപ്രായപ്പെട്ടത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചിലത് തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ മനസാക്ഷിസൂക്ഷിപ്പുകാരനും രാഷ്ട്രീയകാര്യ സമിതിയംഗവും മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള നേതാവുമായ കെ സി ജോസഫിനെയും സതീശൻ പ്രചാരണ രംഗത്തിറക്കിയില്ല. ഓഫീസിലിരിക്കുന്ന നേതാക്കളായി തങ്ങളെ ചുരുക്കിയെന്ന് ഇവർ പരിതപിക്കുന്നു. മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിൽ നടന്ന പൊതുയോഗങ്ങളിലെല്ലാം പ്രസംഗിച്ചത് സതീശനാണ്. ചില യോഗങ്ങളിൽ കെ സുധാകരനും അവസരംകിട്ടി. സതീശൻ എട്ട് വാർത്താസമ്മേളനം നടത്തിയപ്പോൾ ചെന്നിത്തലയ്ക്കും മുരളീധരനും രണ്ടു വാർത്താസമ്മേളനത്തിന് മാത്രമാണ് അനുമതിനൽകിയത്. ശശി തരൂർ രണ്ട് റോഡ് ഷോയിൽ സ്ഥാനാർഥിക്കൊപ്പം നിറഞ്ഞതും ഇവരെ അസ്വസ്ഥരാക്കുന്നു.
എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂർ പ്രവർത്തകസമിതിയിൽ എത്തിയപ്പോൾ പൊട്ടിത്തെറിച്ച് പുതുപ്പള്ളിയിൽനിന്ന് ചെന്നിത്തല മടങ്ങിയതാണ്. ആഗസ്ത് 24 നായിരുന്നു ഈ മടക്കം. ഹൈക്കമാൻഡ് ഇടപെട്ടാണ് തിരിച്ചുകൊണ്ടുവന്നത്. എന്നിട്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ അവസരം കിട്ടിയില്ല.
ഉമ്മൻചാണ്ടിയെ കാണുന്നതിൽനിന്ന്
തടഞ്ഞില്ലെന്ന് കെ സി ജോസഫ്
ബംഗളൂരുവിൽ ചികിത്സയിലിരുന്ന ഉമ്മൻ ചാണ്ടിയെ കാണാൻ തങ്ങളെ അനുവദിച്ചില്ലെന്നനിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലെ വിവരങ്ങൾ അടിസ്ഥാനരഹിതമെന്ന് മുൻ മന്ത്രി കെ സി ജോസഫ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഉമ്മൻചാണ്ടിയെ കാണാൻ തന്നെയും എം എം ഹസ്സനെയും ബെന്നി ബഹനാനെയും അദ്ദേഹത്തിന്റെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും സമ്മതിച്ചില്ലെന്ന തരത്തിലുള്ള ടെലഫോൺ സംഭാഷണം വസ്തുതാവിരുദ്ധമാണ്. ‘മരണത്തിന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ കണ്ടത്. സന്ദർശന സമയത്ത് ഒരവസരത്തിലും ചാണ്ടി ഉമ്മൻ അവിടെ ഉണ്ടായിരുന്നില്ല–-അദ്ദേഹം പറഞ്ഞു.