പാമ്പാടി> ആഴ്ചകള് നീണ്ട പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കം ആവേശക്കൊടുമുടിയിലേയ്ക്ക്. ശബ്ദപ്രചാരണത്തിന് അല്പസമയത്തിനകം തിരശീല വീഴാനിരിക്കെ പാമ്പാടിയില് മുന്നണികളുടെ കലാശക്കൊട്ടിന് തുടക്കമായി. മുന്നണികള് ഇഞ്ചോടിഞ്ചാവേശത്തില് പാമ്പാടിയില് തങ്ങളുടെ സ്ഥാനാര്ഥികള്ക്കായി ആവേശക്കടല് തീര്ത്തു.
പാമ്പാടിയെ ചുവപ്പിച്ച് സ്ഥാനാര്ഥി ജെയ്ക്ക് സി തോമസിനായി നേതാക്കളും പ്രവര്ത്തകരും അനിനിരന്നപ്പോള്, പുതുപ്പള്ളിയില് എല്ഡിഎഫ് പുതുചരിത്രമെഴുതുമെന്നതിന്റെ നേര് സാക്ഷ്യം കൂടിയായി അത് മാറുകയായിരുന്നു.അനിഷ്ട സംഭവങ്ങളില്ലാതിരിക്കാന് ശക്തമായ പൊലീസ് സുരക്ഷയിലാണ് കൊട്ടിക്കലാശത്തിന് തുടക്കമായത്.എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പ്രധാന പരിപാടി
എല്ഡിഎഫിനായി ജെയ്ക് സി തോമസ്, യുഡിഎഫിനായി ചാണ്ടി ഉമ്മന്, ബിജെപി സ്ഥാനാര്ഥി- ലിജിന്ലാല്,ആംആ്ദമി സ്ഥാനാര്ഥി ലൂക്കാ തോമസ് എന്നിവരാണ് മത്സര രംഗത്തുള്ളത്
ജെയ്ക്കിന്റെ പ്രചാരണാര്ഥം ഞായറാഴ്ച 12 ന് വാകത്താനത്താരംഭിച്ച റോഡ് ഷോ തോട്ടയ്ക്കാട്, മീനടം, വെട്ടത്തുകവല, പുതുപ്പള്ളി, മണര്കാട്, അയര്ക്കുന്നം, മറ്റക്കര, പൂവത്തിളപ്പ്, മൂഴൂര്, കണ്ണാടിപ്പാറ, ളാക്കാട്ടൂര് സ്കൂള്, കൂരോപ്പട, പാറാമറ്റം, ഏഴാംമൈല് എന്നിവിടങ്ങളിലൂടെ പാമ്പാടിയില് സമാപിച്ചു. റോഡ് ഷോയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. പ്രദേശത്ത് മഴ കനത്തപ്പോഴും ജെയ്ക്കിന് പിന്തുണയുമായി നിരവധി പേര് ഒഴുകിയെത്തി.ആറ് മണി വരെയാണ് പരസ്യ പ്രചാരണം.
വോട്ടെടുപ്പിന് മണിക്കൂര് മാത്രം ശേഷിക്കുമ്പോള് കടുത്ത രാഷ്ട്രീയ മത്സരത്തിലേക്ക് പുതുപള്ളിയെ മാറ്റിയെടുക്കാന് എല്ഡിഎഫിനായി.എങ്ങും വികസനചര്ച്ചകള് മുഴങ്ങി. ഉപതെരഞ്ഞെടുപ്പില് വൈകാരികത മുതലാക്കിയുള്ള മുന്നേറ്റമാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. ഈ ചുവടുകള് പ്രചാരണരംഗത്ത് പിഴച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ ചാണ്ടി ഉമ്മനെ സ്ഥാനാര്ഥിയായി പ്രഖ്യാപിച്ചായിരുന്നു യുഡിഎഫ് രംഗപ്രവേശം. എന്നാല് എല്ലാ പ്രതീക്ഷയും തകിടം മറിച്ചാണ് യുവജന നേതാവ് ജെയ്ക് സി തോമസ് എല്ഡിഎഫ് സ്ഥാനാര്ഥിയായത്.
ശബ്ദപ്രചാരണം അവസാനിക്കാന് മണിക്കൂറുകള് ശേഷിക്കെ, എല്ഡിഎഫ് സ്ഥാനാര്ഥി അക്ഷരാര്ഥത്തില് മണ്ഡലത്തെ ഇളക്കിമറിക്കുകയായിരുന്നു. വെടിക്കെട്ടും പൂക്കുടയും വര്ണക്കടലാസുകളുമായി ഉത്സവഛായയിലായിരുന്നു ഓരോ സ്വീകരണകേന്ദ്രവും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മിന്നുംപ്രകടനമായിരുന്നു ജെയ്ക്കിന് മുതല്ക്കൂട്ട്. അന്ന് ഉമ്മന്ചാണ്ടി കേവലം 9050 വേട്ടിന്റെ വ്യത്യാസത്തിലാണ് കടന്നുകൂടിയത്.