ദേശീയ പുരസ്കാരം പ്രഖ്യാപിച്ചതുമുതൽ കുമാരപുരത്തെ ‘കളിവീട് ‘ ഉറങ്ങിയിട്ടില്ല. നാട്ടിൽ നിന്നും വിദേശത്ത് നിന്നും നിരവധി ഫോൺ കോളുകളാണ് നടൻ ഇന്ദ്രൻസിനെ തേടിയെത്തുന്നത്. മന്ത്രിമാർമുതൽ നാടൻ പണിക്ക് പോകുന്നവർവരെ അക്കൂട്ടത്തിലുണ്ട്. ചലച്ചിത്ര, സാഹിത്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും. പറ്റാവുന്നവരോടൊക്കെ സംസാരിച്ചും തിരികെ വിളിച്ചും വിനയത്തോടെ അഭിനന്ദനങ്ങൾക്ക് നന്ദി പറയുന്നു. ഇടവേളകളിൽ, പൂർത്തിയാക്കി കൊണ്ടിരിക്കുന്ന ആത്മകഥയുടെ അവസാനഘട്ട പണികളിലേക്ക് ഗൗരവത്തോടെ മുഴുകുന്നു. സിനിമാ താരമെന്ന ‘അലങ്കാരം’ തലയിലെടുത്ത് വയ്ക്കാത്തത് പോലെ, ദേശീയ പുരസ്കാരവും തന്റെ യാത്രയ്ക്കുള്ള ഊർജമായി മാത്രം കാണുന്നു ഈ വലിയ കലാകാരൻ… കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടി ചിത്രീകരിച്ച ‘ഹോം’ സിനിമയ്ക്ക് പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം ഏറെയുണ്ട് ഇന്ദ്രൻസിന്റെ വാക്കുകളിൽ… സിനിമയിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ മലയാളികൾ മാത്രമല്ല ഇതര ഭാഷകളിലെ പ്രേക്ഷകരും ഏറ്റെടുത്തതിലുള്ള അഭിമാനവും… പുരസ്കാരം കൂടുതൽ ഉത്തരവാദിത്വം തരുന്നതായി ഇന്ദ്രൻസ് പറയുന്നു
ദേശീയ പുരസ്കാരം
വൈകിക്കിട്ടിയത് നന്നായി. കുറച്ചുകൂടി കഴിഞ്ഞ് കിട്ടിയാൽ മതിയായിരുന്നു. നേരത്തേ കിട്ടിയിരുന്നെങ്കിൽ ഒതുങ്ങിപ്പോയേനെ. ആദ്യം കിട്ടാതാകുമ്പോൾ വിഷമവും പിണക്കവുമൊക്കെ തോന്നും. എന്നാൽ അതൊരു വാശിയായി ഉള്ളിൽക്കിടക്കും. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നൊരു തോന്നൽവരും.
ആർത്തി
അഭിനയത്തോട് വലിയ ആർത്തിയുണ്ട്. അത് തരുന്ന ലഹരി ഒരു പാടാണ്. ഓരോ കഥാപാത്രവും അത് ചെറുതായാലും വലുതായാലും വെല്ലുവിളി തന്നെയാണ്. ചെയ്യുന്ന വേഷങ്ങളിൽ എപ്പോഴും ഒരു തികവ് തോന്നാതെ വരാറുണ്ട്. അടുത്ത സിനിമയിൽ അത് പരിഹരിക്കാം എന്ന ചിന്തയിൽ പുതിയ സിനിമയിൽ അഭിനയിക്കാൻ പോകും. എന്നാൽ അടുത്ത കഥാപാത്രം അത്തരത്തിൽ കിട്ടണമെന്നില്ല. അങ്ങനെ കാത്തിരിപ്പ് നീളും. മികച്ച കഥാപാത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് നമ്മെ നയിക്കുന്നത്. കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പാണ് ഓരോ സിനിമയും. ചെയ്ത കഥാപാത്രം നന്നായി എന്ന് ആരെങ്കിലും പറയുന്നതുവരെ വലിയ ആധി ഉള്ളിലുണ്ടാകാറുണ്ട്.
ഓണക്കാലം
എല്ലാവരെയുംപോലെ കുട്ടിക്കാലത്തെ ഓണക്കാലമാണ് ഓർക്കാനിഷ്ടം. ഉത്തരവാദിത്വമൊന്നുമില്ലാതെ പാറിപ്പറന്ന കാലം. അന്നനുഭവിച്ചിരുന്നത് ഇല്ലായ്മയും ദുരിതവുമൊക്കെയായിരുന്നു എന്ന് തിരിച്ചറിയുന്നത് പിൽക്കാലത്താണ്. എന്നാലും ഒരു പുതിയ ഷർട്ടിന്റെ തുണി വാങ്ങി മാമന്റെ കടയിൽ തയ്ക്കാൻ കൊടുത്ത ശേഷമുള്ള കാത്തിരിപ്പ് പറഞ്ഞറിയിക്കാൻ കഴിയില്ല. ഷർട്ട് കിട്ടുന്നതുവരെ ഒരു ഞെരി പിരി കൊളളലുണ്ട്. ബാല്യവും കൗമാരവുമൊന്നും അതിന്റെ ഭംഗിയിൽ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. തയ്യൽക്കടയിലും മറ്റുമായി എന്നും തിരക്കായിരുന്നു.
ഓണക്കാല സിനിമകൾ
പണ്ടൊക്കെ ഓണക്കാലത്ത് കുടുംബങ്ങൾക്ക് വിനോദത്തിനായി സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഒരു പാട് സാധ്യതകളായി. കാലത്തിന്റെയും സാങ്കേതിക വിദ്യയുടെയും മാറ്റം എല്ലാ മേഖലയിലുമെന്നപോലെ സിനിമയിലും ശക്തമാണ്. അത് നല്ലതുമാണ്. ഒടിടി സാധ്യതകളെയെല്ലാം പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. മൊബൈൽ ഫോണിന്റെ കാലത്ത് എല്ലാവരും സ്വന്തമായി തിയറ്ററുള്ളവരായി മാറി. ഒരു മുറിയിലിരുന്നും കടൽത്തീരത്തിരുന്നും വണ്ടിയിലിരുന്നുമൊക്കെ സിനിമ കാണാൻ പറ്റുന്നു എന്നത് വലിയ മാറ്റമാണ്. അതിലൊന്നും ആശങ്കപ്പെടേണ്ടതില്ല.
വേർതിരിവുകൾ
മുമ്പില്ലാത്ത തരത്തിൽ പലതരം വേർതിരിവുകൾ നമുക്കിടയിൽ വരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. എല്ലാവരും അവരവരിലേക്ക് ചുരുങ്ങിപ്പോകുന്നതിന്റെ ഫലമായിട്ടാണ് ഇതെന്ന് തോന്നുന്നു. ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരിലേക്ക് എല്ലാ അരുതായ്മകൾക്കും പെട്ടെന്ന് ഇടം കിട്ടും. പണ്ടൊക്കെ നാട്ടിലും വീട്ടിലുമൊക്കെ നല്ല കൂട്ടായ്മയും സൗഹൃദവുമൊക്കെയുണ്ടായിരുന്നു. മതവും ജാതിയുമൊന്നും ചിന്തയിൽപ്പോലും വന്നിരുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യവും സങ്കടകരമാണ്. ഒരുപാട് സാധ്യതകൾ ചുറ്റിലുമുണ്ട്, സ്വാതന്ത്ര്യമുണ്ട്. എന്നാൽ പലപ്പോഴും ഇതൊന്നും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. മയക്കുമരുന്നും പലതരം വിഭാഗീയ ചിന്തകളിലുംപെട്ട് അവരുടെ വഴികൾ പലതരത്തിൽ നിറം കെട്ട് പോകുന്നു. പഴയ കാലത്തേക്കാൾ മികച്ച രീതിയിലുള്ള പാരന്റിങ് ഇന്നത്തെ കാലത്ത് ആവശ്യമുണ്ട്. കുട്ടികൾക്ക് നല്ല വായന ശീലമൊക്കെ ഉണ്ടാക്കാനുള്ള ബോധപൂർവമായ ഇടപെടൽ ആവശ്യമാണ്. നല്ല പുസ്തകങ്ങൾ അവരോട് ഒരുപാട് സംസാരിക്കും
പുതുകാല വായന
പുതിയകാലത്ത് പുസ്തകങ്ങൾ ഒരുപാട് വിൽക്കപ്പെടുന്നുണ്ട്. ഒരു പരിധിവരെ മികച്ച വായനയും നടക്കുന്നുണ്ട്. എന്നാൽ വായിച്ചത് നമ്മിൽ എന്ത് മാറ്റമുണ്ടാക്കി എന്നത് ആലോചിക്കേണ്ട വിഷയമാണ്. വായിച്ചത് എത്രത്തോളം നമ്മൾ ഉൾക്കൊണ്ടു, അത് എന്ത് തരത്തിൽ നമ്മളിൽ പ്രവർത്തിക്കുന്നു എന്നത് ചിന്തിക്കാവുന്ന കാര്യമാണ്. പണ്ടൊക്കെ നല്ല ഒരു പുസ്തകത്തെക്കുറിച്ച് കേട്ടാൽ വായനശാലയിൽപോയി ആ പുസ്തകത്തിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ട്. ആരൊക്കെയോ വായിച്ച് കഴിഞ്ഞാണ് നമുക്കത് കിട്ടുന്നത്. അത് ആവേശത്തോടെ ഒറ്റയിരിപ്പിന് വായിച്ചുകഴിഞ്ഞാൽ പിന്നെ കുറെ ദിവസങ്ങൾ നമ്മുടെ ഉള്ളിൽ അതിലെ കഥയും കഥാപാത്രങ്ങളുമൊക്കെയായിരിക്കും. ഈ ഉള്ളിലിട്ട് നടത്തമാണ് വായന തരുന്ന വലിയ സംഗതി. ഇന്ന് എല്ലാവരും സ്വന്തമായി പുസ്തകം വാങ്ങുന്നതാണ് പതിവ്. സമയം കിട്ടുമ്പോൾ വായിക്കാനായി മാറ്റിവയ്ക്കും. അച്ചടിച്ച് വന്ന് ഒരാളാലും വായിക്കപ്പെടാതെ സങ്കടപ്പെട്ടിരിക്കുന്ന ഒരു പാട് പുസ്തകങ്ങൾ നമ്മുടെ അലമാരകളിലുണ്ട്. അടുത്ത കാലത്ത് വായിച്ചതിൽ ‘പൊനം’ എന്ന നോവലാണ് ഇഷ്ടപ്പെട്ടത്. ഒരു ദേശത്തിനെ അടയാളപ്പെടുത്തുന്നതിൽ നന്നായി വിജയിച്ച നോവലാണ്. കാടിന്റെയും മനഷ്യന്റെയും വന്യത ചോർന്നുപോകാതെ ആവിഷ്കരിച്ചിട്ടുണ്ട്.
പുതിയ തലമുറ
വലിയ ഉത്സാഹമാണ് സിനിമയിലെ പുതിയ തലമുറയ്ക്ക്. അവരുടെ ആവേശം കാരണം നമുക്കും അടങ്ങിയിരിക്കാൻ തോന്നില്ല. പഴയവരേക്കാൾ ചിലപ്പോൾ ഷോട്ടുകളൊക്കെ കൂടുതലെടുക്കും. അവരുടെ ഒരു ധൈര്യത്തിന് വേണ്ടിയാണ്. നമ്മൾ കൂടുതൽ പണിയെടുക്കണം. എന്നാൽ അതിന്റെ റിസൽട്ട് ഗംഭീരമായിരിക്കും.
വിവാദങ്ങൾ
ഇത്രയും കാലത്തെ അനുഭവങ്ങൾ കൊണ്ടൊക്കെയാകാം വിവാദങ്ങളിൽപ്പെട്ടാലും സംയമനത്തോടെ നിൽക്കാൻ ശ്രമിക്കാറുണ്ട്… നമ്മൾ പറയുന്നത് മനസ്സിലാകാത്തവരുണ്ട്. അത് നമ്മൾ ഉദ്ദേശിച്ച രീതിയിൽ എടുക്കാത്തവരുണ്ട്. നമ്മൾ പറയാത്ത കാര്യങ്ങൾ പറഞ്ഞതായി പ്രചരിപ്പിക്കുന്നവരുണ്ട്. ചെറിയ പിഴകളെ വലുതാക്കി കാണിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തുക മനുഷ്യ സഹജമല്ലല്ലോ. ഇതൊക്കെക്കാരണം പലപ്പോഴും അഭിപ്രായം പറയാതിരിക്കേണ്ടി വരാറുണ്ട്. ചില ഓൺലൈൻ മാസികകളിലൊക്കെ നമ്മൾ ചിന്തിക്കാത്ത തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്.
ആത്മകഥ
നാലുവർഷമായി എഴുതാൻ തുടങ്ങിയിട്ട്. ഓർമകളൊക്കെ എഴുതിവയ്ക്കാൻ ഒരു പാടുപേർ പറയാറുണ്ട്. അത്ര നിറമില്ലാത്ത ഒരു പാട് ഏരിയകൾ എന്റെ ജീവിതത്തിലുണ്ട്. അതൊന്നും ഒരിക്കലും പറയണമെന്ന് കരുതിയതല്ല. എന്നാൽ അതൊക്കെ പലതരത്തിൽ ആരൊക്കെയോ എടുത്ത് തോന്നിയപോലെ ഓൺലൈൻ മാസികകളിലും മറ്റും പ്രയോഗിക്കുന്നത് കാണാം. ദേശീയ പുരസ്കാരത്തിനു ശേഷവും കണ്ടു എനിക്കറിയാത്ത എന്റെ ജീവിത കഥകൾ. അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമെല്ലാം പലരും തോന്നിയപോലെ എഴുതിവയ്ക്കുകയാണ്. ചിലത് വായിക്കുമ്പോൾ നാണവും സങ്കടവുമൊക്കെ തോന്നും. അങ്ങനെയാണ് ഞാൻതന്നെ എഴുതുന്ന കാര്യം ആലോചിക്കുന്നത്.
എഴുത്ത്
ഈ പുസ്തകം എഴുതിത്തുടങ്ങിയതോടെ ചെറിയ തോതിൽ എഴുത്ത് എനിക്കും വഴങ്ങും എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. പണ്ട് കൂട്ടുകാർക്കൊക്കെ ഒരു പാട് സമയമെടുത്ത് കത്തുകളെഴുതുമായിരുന്നു. സിനിമാ നടനായശേഷവും വരുന്ന കത്തുകൾക്കൊക്കെ കൃത്യമായി വിശദമായി മറുപടി എഴുതുമായിരുന്നു. മൊബൈൽ ഫോൺ വന്നതോടെ അതൊക്കെ മാറി. പണ്ടൊക്കെ എല്ലാവരുടെയും ഷർട്ടിന്റെ പോക്കറ്റിൽ രണ്ടും മൂന്നും നിറത്തിലുള്ള പേനകൾ കുത്തിയിട്ടത് കാണാറുണ്ടായിരുന്നു. ഇന്ന് ലൊക്കേഷനിലൊക്കെ ഒരു പേന ചോദിച്ചാൽ കിട്ടില്ല. ജീവിത കഥ എഴുതിത്തുടങ്ങിയപ്പോഴാണ് അനുബന്ധമായി മറ്റു ചില കഥകൾ കൂടി കിട്ടിയത്. അവയെല്ലാം വികസിപ്പിച്ച് പിന്നീട് എഴുതണമെന്നുണ്ട്.
വിട്ടുപോയവർ
കുറഞ്ഞ കാലത്തിനിടയ്ക്ക് സിനിമയിലുള്ള ഒരുപാട് പേർ നമ്മെ വിട്ടുപോയി. ഇന്നസെന്റ്, മാമുക്കോയ, ഹരിഹരപുത്രൻ … വല്ലാത്ത ശൂന്യത തോന്നും ചിലപ്പോൾ. പക്ഷേ, അവരൊക്കെ ഒരുപാട് ചെയ്ത് വച്ചിട്ടാണ് പോയത്. പ്രകൃതി നിയമത്തെ അംഗീകരിച്ചല്ലേ പറ്റൂ. അവരൊക്കെ പഠിപ്പിച്ച കുറെ കാര്യങ്ങളുണ്ട്. കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യുക, നന്നായി ജീവിക്കുക ഇതൊക്കെത്തന്നെയാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.