തിരുവനന്തപുരം
നെല്ല് സംഭരിച്ച വകയിൽ സംസ്ഥാനത്തിന് നൽകാനുള്ള കുടിശ്ശിക കേന്ദ്രസർക്കാർ നൽകാത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്ര വിഹിതമായി 637.6 കോടി രൂപ ലഭിക്കാനുണ്ട്. 2018 മുതലുള്ള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് തവണ കേന്ദ്രത്തിനെ സമീപിച്ചു. ആഗസ്ത് 17, 19 തീയതികളിലും കത്ത് നൽകി. എന്നാൽ, തുക അനുവദിച്ചില്ല. ഓണത്തിന് ഒരുകിലോ അരിപോലും അധികമായി അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ല. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്ന നിലപാടാണ് കേന്ദ്രം തുടരുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022-–-23 സീസണിൽ സപ്ലൈകോ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകി. 216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി നൽകാനുള്ളത്. ഇത് ഉടൻ കർഷകരുടെ അക്കൗണ്ടുകളിൽ എത്തും.
കേന്ദ്രവിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിന് ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. ഇതുപ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായി. ഈ വായ്പയുടെ മുഴുവൻ പലിശയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺ മുതൽ കർഷകർക്ക് പരമാവധി വേഗത്തിൽ പണം നൽകുന്നതിനായി കേരള ബാങ്കുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.