തിരുവനന്തപുരം
കേരളം അഭിമുഖീകരിച്ച ദുരന്ത ഘട്ടങ്ങളിലെല്ലാം ദുരിതാശ്വാസത്തിനടക്കം സഹായകമായത് പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ. ഇതിന്റെ പാട്ടക്കാലാവധി പുതുക്കാനുള്ള പൊലീസിന്റെ നിയമപരമായ നടപടികളെ പ്രതിപക്ഷം വിവാദമാക്കുന്നത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്.
ആരോഗ്യ രക്ഷാപ്രവർത്തനം, വ്യോമ നിരീക്ഷണം, തീരദേശം, വനമേഖലകൾ, വിനോദസഞ്ചാര – തീർഥാടന കേന്ദ്രങ്ങൾ, മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങൾ തുടങ്ങിയ മേഖലയിലെ നിരീക്ഷണത്തിനും സുരക്ഷ ഉറപ്പാക്കാനും അടിയന്തര ഘട്ടങ്ങളിൽ പ്രമുഖരുടെ സഞ്ചാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമായാണ് ഹെലികോപ്റ്റർ പാട്ടവ്യവസ്ഥയിൽ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചത്. ഇത് ആഡംബരത്തിനല്ല, അത്യാവശ്യങ്ങൾക്കുമാത്രമാണ് ഉപയോഗിക്കുന്നതും.
പ്രളയം, മലയിടിച്ചിൽ, ഇതര പ്രകൃതിദുരന്ത സന്ദർഭങ്ങളിലാണ് ഹെലിക്കോപ്റ്റർ സേവനത്തിന്റെ അനിവാര്യത കേരളത്തിന് ബോധ്യപ്പെട്ടത്. മസ്തിഷ്ക മരണം സംഭവിച്ച സന്ദർഭങ്ങളിൽ അവയവ കൈമാറ്റത്തിനും ശസ്ത്രക്രിയക്കും അതിവേഗം ഉറപ്പാക്കാനടക്കം എയർആംബുലൻസായും ഇതേ ഹെലിക്കോപ്റ്റർ പലവട്ടം ഉപയോഗിച്ചു. ലോക്ക്ഡൗണിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ നിലച്ചതോടെ അർബുദ രോഗികൾക്കുള്ള മരുന്ന് എത്തിക്കാനും ഇവ ഉപയോഗിച്ചിട്ടുണ്ട്. അത്യാവശ്യ മരുന്നുകളുമായി ബംഗളൂരുവിൽനിന്ന് പരുമലയിലേക്കായിരുന്നു യാത്ര. ഈ സേവനങ്ങളെല്ലാം മറന്നതായി നടിച്ചാണ് ഹെലികോപ്റ്റർ സർവീസിനെതിരെ പ്രതിപക്ഷം കോലാഹലം ഉയർത്തുന്നത്.
പവൻ ഹാൻസ് ലിമിറ്റഡ് എന്ന കേന്ദ്ര പൊതുമേഖലാ കമ്പനിയുമായാണ് കേരള പൊലീസിന് ഹെലികോപ്റ്റർ പാട്ടകരാർ ഉണ്ടായിരുന്നത്. ഒരുവർഷത്തെ സേവന കരാർ തീർന്നപ്പോൾ -2020 ഡിസംബർ 18ന് വീണ്ടും ടെൻഡർ വിളിച്ചു. ദേശീയ അടിസ്ഥാനത്തിലുള്ള മത്സര ടെൻഡർ നടപടികളാണ് സ്വീകരിച്ചത്. ഇതിൽ മൂന്നു കമ്പനികൾ പങ്കെടുത്തു. കുറഞ്ഞ തുക ക്വോട്ട് ചെയ്ത ചിപ്സൺ എവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ടെൻഡർ അനുവദിച്ചു. തുടർന്നുള്ള ചർച്ചകളിൽ പറക്കൽ സമയം വർധിപ്പിക്കാനും പൊലീസിനായി. ഇതനുസരിച്ചാണ് പൊലീസിന്റെ പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള അനുമതി സർക്കാർ മാർച്ച് ആറിന് നൽകുന്നത്. പ്രതിമാസം 25 മണിക്കൂർ സർവീസിന് 80 ലക്ഷം രൂപ (അധികമുള്ള ഓരോ മണിക്കൂറിനും 90,000 – രൂപ) നിരക്കിൽ സേവനം ലഭ്യമാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. പ്രാഥമികമായി മൂന്നുവർഷത്തെ സേവനവും തുടർന്ന് രണ്ടുവർഷത്തേക്ക് ദീർഘിപ്പിക്കാമെന്നുമുള്ള നിർദ്ദേശം അംഗീകരിച്ചാണ് അനുമതി നൽകിയത്.
പവൻ ഹാൻസ് ലിമിറ്റഡ് കേന്ദ്ര പൊതുമേഖലയിൽ നിലനിൽക്കുമ്പോഴാണ് കേരള പൊലീസുമായി കരാർ വയ്ക്കുന്നത്. പിന്നീടാണ് കമ്പനി കേന്ദ്ര സർക്കാർ സ്വകാര്യവൽകരിച്ചത്. തുടർന്ന് പുതിയ ടെൻഡർ വിളിക്കേണ്ട സാഹചര്യമുണ്ടായി. ഇതെല്ലാം മറച്ചുവച്ചാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ ദുഷ്പ്രചാരണം.