കൊച്ചി> എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.
2019ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി വനിതാ ഡോക്ടർ ഫെയ്സ്ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
ഡോക്ടറുടെ അപ്രതീക്ഷിത പെരുമാറ്റമുണ്ടായതിന്റെ പിറ്റേന്നുതന്നെ ആശുപത്രി അധികാരികളോട് വാക്കാൽ പരാതി പറഞ്ഞിരുന്നു. അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥൻ ആയതിനാലും സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയംമൂലവും അന്ന് കൂടുതൽ പരാതി നൽകാൻ സാധിച്ചില്ല. ആ ഡോക്ടർ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയതറിഞ്ഞാണ് ഇപ്പോൾ പോസ്റ്റിടുന്നതെന്നും വനിതാ ഡോക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരാതിക്കാരിയിൽനിന്ന് കൂടുതൽ വിവരം ആവശ്യപ്പെട്ടതായും വനിതാ ഡോക്ടർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ആർ ഷഹീർഷ പറഞ്ഞിരുന്നു. പരാതി പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.