പുതുപ്പള്ളി > മികവിന് വഴിമാറുന്ന പുതുപ്പള്ളിയുടെ മനസ്സ് തുറന്നുകാട്ടി വീഡിയോ. മറ്റെന്തിനെക്കാളും പുരോഗതിക്കും പുതുമയ്ക്കുമായി തുടിക്കുന്ന മനുഷ്യാവസ്ഥയെ ശിശുസഹജമായ നിഷ്കളങ്ക ഭാവങ്ങളിലുടെ പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം പുറത്തിറക്കിയത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയാണ്. ‘ഇനി പുതുപ്പള്ളിയും ജയ്ക്കും’ എന്ന ടെലിഫിലിം ഒരുക്കിയത് അനീഷ് രാജുവാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയു’മടക്കം ദിലീഷ് പോത്തൻ ചിത്രങ്ങളുടെ അസി. ഡയറക്ടറാണ് അനീഷ്. 5.45 മിനുറ്റ് നീളുന്ന ചിത്രത്തിലെ ഗാനരചനയും അനീഷാണ്. സംഗീതം ഋത്വിക് എസ് ചന്ദ്. ജോർഡി പൂഞ്ഞാർ, ജിതീഷ് റെയ്ച്ചൽ, ബിന്ദു എൽസ തോമസ്, സാമുവൽ, ശബരീനാഥ് ശ്യാം, സാമുവൽ എന്നിവരാണ് അഭിനേതാക്കൾ.
പാമ്പാടിയിലെ എൽഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മന്ത്രി വി എൻ വാസവൻ ടെലിഫിലിം പ്രകാശിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സി വസീഫ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, എ വി റസൽ, കെ എം രാധാകൃഷ്ണൻ, റജി സഖറിയ, എംഎൽഎമാരായ എം എസ് അരുൺ കുമാർ, ലിന്റോ ജോസഫ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ട്രഷററർ അരുൺ ബാബു, ബി സുരേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായി.