കോന്നി > കോന്നിയുടെ ദൃശ്യവിസ്മയ കാഴ്ചകൾ കണ്ട് നീലാകാശത്ത് തുമ്പിയെപ്പോലെ വട്ടമിട്ട് പറക്കാൻ ഹെലികോപ്ടർ സർവീസ് തുടങ്ങി. കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായാണ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽനിന്നും ചൊവ്വാഴ്ച്ച ഹെലികോപ്ടർ സർവീസ് ആരംഭിച്ചത്. വനത്തിെന്റെ ദൃശ്യഭംഗികൾ ആവോളം ആസ്വദിച്ച് കാടിന്റെ മക്കൾക്കൊപ്പമായിരുന്നു മുഖ്യസംഘാടകനായ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ഉദ്ഘാടനയാത്ര. മകൾ ആസിഫ അനു ജനീഷ് കുമാറും ഒപ്പം ഉണ്ടായിരുന്നു. കാടിന്റെ മക്കൾ എംഎൽഎക്കൊപ്പം അവരുടെ വാസഭൂമി ആദ്യമായി ആകാശത്തിരുന്ന് കണ്ടതിന്റെ അത്ഭുതവും ആകാംഷയും സന്തോഷവും അതിരുകളില്ലാത്തതായിരുന്നു.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചിറ്റാർ പാമ്പിനി ആദിവാസി ഊരിലെ ശ്രീലക്ഷ്മി,അടിച്ചിപ്പുഴ ചൊള്ളനാവയൽ ഊരിലെ അശ്വതി, ചിറ്റാർ വേളിമല ഊര് മൂപ്പൻ പ്രതീഷ്, കോന്നി കൈതക്കര കോളനി മൂപ്പൻ സന്ധ്യ എന്നിവരാണ് ആദ്യയാത്രയിൽ എംഎൽഎയോടൊപ്പമുണ്ടായിരുന്നത്.അഞ്ച് മിനിറ്റ് നീണ്ട യാത്രയിൽ കാടിന്റെ പച്ചമേലാപ്പും മലകളും താഴ്വരകളും കാട്ടാറുകളും കണ്ടുള്ള ആകാശ യാത്ര അവരെ അത്ഭുതപ്പെടുത്തി.
ഉയരത്തിൽ തുമ്പിയപ്പോലെ പറക്കുന്ന ഹെലികോപ്ടർ തൊട്ടരികെ കണ്ടപ്പോൾ മൂപ്പനും മൂപ്പത്തിക്കും വിസ്മയവും സന്തോഷവും. മുകളിലെ കറങ്ങുന്ന ചിറകകുകൾ കണ്ട് ഇരുവരും കുറച്ചു നിമിഷം നോക്കി നിന്നു. പിന്നെ കോപ്റ്ററിനുളളിലേക്ക് ജനീഷ് കുമാറും ഒപ്പം കയറിയപ്പോൾ ആഹ്ളാദമായി. കോപ്റ്റർ ചിറകുകൾ കറക്കി ഉയരവെ, മൂപ്പനും മൂപ്പത്തിക്കും ചെറിയ ഭയം തോന്നിയെങ്കിലും എംഎൽഎ ധൈര്യം പകർന്നു. നിമിഷങ്ങൾക്കുള്ളിൽ കാടിന്റെ മേലാപ്പിലൂടെ വട്ടമിട്ടു.
ഇന്നലെ നിരവധി സർവീസുകൾ നടത്തി. ഇന്നും നാളെയും ചുരുങ്ങിയ ചെലവിൽ ആകാശയാത്ര നടത്താൻ സൗകര്യം ഉണ്ടായിരിക്കും. ഒരേ സമയം അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ആധുനിക ഹെലികോപ്ടറാണ് കോന്നിയിൽ എത്തിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന നൂറു പേർക്ക് 2999 രൂപയും തുടർന്നുള്ളതിന് 3999 രൂപയുമാണ് നിരക്ക്. നിരവധി ആളുകൾ ഇതിനോടകം ബുക്ക് ചെയ്തുകഴിഞ്ഞു. കുറഞ്ഞ ചെലവിൽ ഉയരങ്ങളിൽ പറന്ന് ആകാശ കാഴ്ചയും കാനനവിസ്മയങ്ങളും കണ്ടറിയാനുള്ള സാധാരണക്കാരന്റെ ആഗ്രഹമാണ് ഹെലികോപ്ടർ റൈഡിലൂടെ സാധ്യമാക്കുന്നതെന്ന് മുഖ്യ സംഘാടകൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.