കീവ്
മോസ്കോ ലക്ഷ്യമിട്ട് തുടർച്ചയായി പ്രകോപനമുണ്ടാക്കുന്ന ഉക്രയ്ന് താക്കീതുമായി റഷ്യ. റഷ്യന് മണ്ണിലെ ആക്രമണങ്ങൾ “ശിക്ഷിക്കപ്പെടാതെ” പോകില്ലെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച സ്കോഫ് വിമാനത്താവളത്തിനുനേരെ ഉക്രയ്ൻ നടത്തിയ ഡ്രോണ് ആക്രമണത്തിൽ രണ്ട് വിമാനം കത്തിനശിക്കുകയും നാല് വിമാനത്തിന് കേടുപാടുണ്ടാകുകയും ചെയ്തു. വിമാനത്താവളത്തില് ഉഗ്ര സ്ഫോടനവും തീപിടിത്തവുമുണ്ടായതിന്റെ ദൃശ്യം പുറത്തുവന്നു. ഉക്രയ്നിൽ നിന്നും 600 കിലോമീറ്റർ അകലെയാണ് സ്കോഫ് വിമാനത്താവളം. റഷ്യയിലും റഷ്യയുടെ ഭാഗമായ ക്രിമിയയിലും വർഷാരംഭം മുതൽ 190 ഡ്രോൺ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.
കരിങ്കടലിൽ 50 സൈനികരുമായി വന്ന നാല് ഉക്രയ്ൻ ബോട്ടുകൾ നശിപ്പിച്ചതായി റഷ്യ അറിയിച്ചു. അർധരാത്രിയോടെ കരിങ്കടലിൽ സ്പെഷ്യൽ ഓപ്പറേഷൻ സേനയുടെ ലാൻഡിങ് ഗ്രൂപ്പുകളുള്ള നാല് അതിവേഗ സൈനിക ബോട്ടുകളാണ് നശിപ്പിച്ചത്. കീവിൽ മിസൈൽ ആക്രമണത്തിൽ രണ്ടുപേർ മരിച്ചെന്നും റിപ്പോര്ട്ടുണ്ട്.