ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ 34 വർഷം അധ്യാപികയായിരുന്നു പാറുക്കുട്ടി. തന്റെ വിദ്യാർഥികളെയാകെ സ്നേഹംകൊണ്ടും കരുതൽകൊണ്ടും പാറുക്കുട്ടി മിടുക്കരാക്കി. ഒടുവിൽ 2001 ൽ വിരമിക്കുമ്പോഴും കുട്ടികളെ വളർത്തി കൊതിതീർന്നിരുന്നില്ല. പെൻഷനായപ്പോൾ കിട്ടിയ പൈസ മുഴുവൻ ചെലവാക്കി ഒരു കുട്ടിയാനയെ വാങ്ങി. അന്നത്തെ കുട്ടിയാന ഇന്നൊരു ഗജവീരനാണ്. പേര് ശ്രീകൃഷ്ണപുരം വിജയ്.
പാറുക്കുട്ടിയുടെയും ഭർത്താവ് രാമകൃഷ്ണ ഗുപ്തന്റെയും ഓമന ആനയാണ് വിജയ്. നാല് മക്കൾക്ക് ശേഷം അഞ്ചാമത്തെ മകനായാണ് വിജയിനെ വളർത്തുന്നതെന്ന് പറയുമ്പോൾ ഇരുവരുടേയും വാക്കുകളിൽ സന്തോഷം നിറയുന്നു.
22 വർഷമായി ശ്രീകൃഷ്ണപുരത്തെ ശ്രീകൃഷ്ണനിലയത്തിലെ വീട്ടുവളപ്പിൽ തലയുയർത്തി നിൽക്കുന്ന കൊമ്പനാന. പത്തടിയോളം ഉയരവും നിലംമുട്ടുന്ന തുമ്പിക്കൈയുമുണ്ട്.
ആൻഡമാനിൽനിന്നാണ് ആനക്കുട്ടിയെ വാങ്ങിയത്. കപ്പലിൽ അന്നത്തെ മദ്രാസിലെത്തിച്ചു. പിന്നീട് ലോറിയിൽ ശ്രീകൃഷ്ണപുരത്തെത്തിച്ചു. 2022ൽ കോവിഡ് കഴിയുന്നതുവരെയും രണ്ടുപേരുടെയും പെൻഷൻ തുക മുഴുവൻ വിനിയോഗിച്ചത് ആനയ്ക്കായിരുന്നു. പനമ്പട്ട ഉൾപ്പെടെ ഒരു ദിവസം ഭക്ഷണത്തിനുമാത്രം 5,000 രൂപവരെ ചെലവുവരും. രാവിലെമുതൽ രാത്രിവരെ വിജയ്യുടെ ഭക്ഷണത്തിന് കൃത്യമായ ചിട്ടയുണ്ട്. അതിൽ വിട്ടുവീഴ്ചയില്ല. വിശ്രമം, കുളി, ചികിത്സ എന്നിവയും കൃത്യമാണ്. ആന വീട്ടിലുള്ളപ്പോൾ ഇവരാണ് ചോറ് നൽകുക. എഴുന്നള്ളിപ്പിന് പോകുമ്പോൾ ഇരുവരും ചേർന്ന് ശർക്കര നൽകിയാണ് യാത്രയാക്കുക. ആനയുടെ യാത്രയ്ക്ക് ലോറിയുമുണ്ട്. റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ് രാമകൃഷ്ണ ഗുപ്തൻ.