ഹരിപ്പാട്> സിപിഐ എം പ്രവർത്തകനെ അയൽവാസിയായ ബിജെപിക്കാരനും കൂട്ടരും വെടിവച്ചുകൊലപ്പെടുത്തി. പള്ളിപ്പാട് വഴുതാനം കുറവന്തറയിൽ സോമനാണ് (58) മരിച്ചത്. ഇയാളുടെ അയൽക്കാരനും ബിജെപിയുടെ സജീവ പ്രവർത്തകനുമായ പള്ളിപ്പാട് നീണ്ടൂർ ദ്വാരകയിൽ പ്രസാദിനെതിരെ (52) ഹരിപ്പാട് പൊലീസ് കേസെടുത്തു. ഇയാളുടെ ബന്ധുക്കളെയും തെരയുകയാണ്.
തിങ്കൾ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എയർഗണ്ണിന് നെഞ്ചിനും പുറത്തുമാണ് വെടിയേറ്റത്. ബഹളം കേട്ട് സഹോദരൻ ഓമനക്കുട്ടനും ബന്ധുക്കളും ഓടിയെത്തിയപ്പോൾ വെടിയേറ്റ് റോഡിൽ വീണുകിടക്കുന്ന സോമനെയാണ് കണ്ടത്. ഇദ്ദേഹത്തെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
സോമനും മുൻ ബിഎസ്എഫ് സൈനികനായ പ്രസാദും ബന്ധുക്കളാണ്. സോമന്റെ കുടുംബവുമായി പ്രസാദും മറ്റുള്ളവരും നേരത്തേ മുതൽ തർക്കത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രസാദ് ക്വട്ടേഷൻ സംഘാംഗങ്ങളുമായി സോമന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയിരുന്നു. സ്ത്രീകളെയടക്കം മർദിച്ചതിന് ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ബന്ധുവിന്റെ ഓട്ടോയിൽനിന്ന് മൂന്ന് വടിവാളുകൾ പൊലീസ് പിടികൂടിയെങ്കിലും കേസ് എടുത്തില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രസാദ് നേരത്തേ തോക്ക് കാണിച്ച് ഭീഷണി മുഴക്കിയിരുന്നതായി സോമന്റെ സഹോദരൻ ഓമനക്കുട്ടനും ഭാര്യ ശ്രീകുമാരിയും കായംകുളം ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.
പത്തു വർഷം മുൻപ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ കയറി എസ് ഐ അടക്കം മൂന്ന് പൊലീസുകാരെ ഗ്യാസ് സിലൻഡറിന് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രസാദും ബന്ധു ഹരിദാസനും പ്രതിയായിരുന്നു. നിലവിൽ എസ്ബിഐയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് പ്രസാദ്. സുമതിയാണ് സോമന്റെ ഭാര്യ. മകൾ: സംഗീത. മരുമകൻ: രാഹുൽ.