കോഴിക്കോട്> ശമ്പള കുടിശിക വീണ്ടും മൂന്ന് മാസമാകുന്ന ഗതികെട്ട അവസ്ഥയിൽ തിരുവോണ ദിവസം മാധ്യമം പത്രത്തിലെ ജീവനക്കാർ ഉപവാസസമരത്തിലേക്ക്. ജീവനക്കാരുടെ സംഘടനകൾ സമരം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് കോഴിക്കോട് വെള്ളിമാട്കുന്നിലെ മാധ്യമം ഹെഡ് ഓഫീസിന് മുന്നിൽ ഉപവസിക്കാൻ തീരുമാനിച്ചതെന്ന് മാധ്യമം എംപ്ലോയിസ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 29ന് രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് ഉപവാസം.
ജീവനക്കാർക്ക് ജൂൺ, ജുലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം കിട്ടുവാനുണ്ട്. സ്ഥാപനത്തിൽ ബോണസ് നിലച്ചിട്ട് വർഷങ്ങളായി. കോവിഡ് കാലത്ത് പിടിച്ച ശമ്പളബാക്കി ഓരോരുത്തർക്കും ശരാശരി ഒന്നര ലക്ഷംവരെ കിട്ടാനുമുണ്ട്. ഈ വിവരമെല്ലാം മാനേജ്മെന്റിനെ ധരിപ്പിച്ചുവെങ്കിലും അനുകൂലനടപടികളൊന്നും ഉണ്ടായില്ല. ഒടുവിലത്തെ ചർച്ചയിൽ രണ്ടു മാസത്തെ ശമ്പളമെങ്കിലും ഓണത്തിനു മുൻപ് നൽകിയാൽ സമരം ഒഴിവാക്കാമെന്ന തൊഴിലാളികളുടെ നിർദ്ദേശവും മാനേജ്മെൻറ് അംഗീകരിച്ചില്ല.
പുതിയ ആനുകൂല്യത്തിനല്ല പണിയെടുത്ത കൂലിക്കു വേണ്ടിയാണ് സമരമെന്നും പരിഹാരമില്ലെങ്കിൽ സെപ്റ്റംബർ രണ്ടാം വാരം പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.