തിരുവനന്തപുരം > കേരളത്തിന്റെ നവോത്ഥാന നായകരിൽ അയ്യൻങ്കാളിയുടെ സ്ഥാനം അനുപമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിവ്യവസ്ഥയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അയ്യൻങ്കാളി തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങളേയും അതോടൊപ്പം ചേർത്തു വച്ച് വർഗസമരത്തിന്റെ ആദ്യപാഠങ്ങൾ നമുക്കു പകർന്നു തന്നുവെന്നും മഹാത്മാ അയ്യൻകാളിയുടെ ജന്മദിനത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ വില്ലുവണ്ടി സമരവും കല്ലുമാല സമരവുമെല്ലാം പിന്നീട് ഇതിഹാസങ്ങളായി മാറി. സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും മനുഷ്യർക്ക് അവകാശമില്ലാതിരുന്ന, ന്യായമായ കൂലി സ്വപ്നത്തിൽ പോലുമില്ലാതിരുന്ന ആ ഇരുണ്ട കാലത്തെ തിരുത്തിയെഴുതാൻ പ്രയത്നിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യൻകാളി. സാർവത്രികമായ വിദ്യാഭ്യാസത്തിനും കർഷകത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി അദ്ദേഹം നിലകൊണ്ടു.
ജാതീയമായ വേർതിരിവുകളെ സാമൂഹ്യജീവിതത്തിൽ നിന്നും പാടേ തുടച്ചുകളയാൻ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം അയ്യൻകാളിയുടെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു. വർദ്ദിച്ചു വരുന്ന സാമ്പത്തിക അസമത്വവും ആധിപത്യം നേടാൻ ശ്രമിക്കുന്ന വർഗീയതയും തുല്യനീതി സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുകയാണ്. ഈ ഘട്ടത്തിൽ മഹാത്മാ അയ്യൻങ്കാളിയുടെ ജീവചരിത്രം കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറുകയാണ്. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം – മുഖ്യമന്ത്രി പറഞ്ഞു.