ബുഡാപെസ്റ്റ്
ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് ലോക കിരീടം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.17 മീറ്റർ എറിഞ്ഞാണ് സ്വർണനേട്ടം. ലോക അത്ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ്. രണ്ടാമത്തെ ഏറിലാണ് ഹരിയാനക്കാരൻ രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
പാകിസ്ഥാന്റെ അർഷദ് നദീമിനാണ് വെള്ളി (87.82 മീറ്റർ). ചെക്ക് താരം ജാകൂബ് വാഡിൽജക് 86.67 മീറ്ററോടെ വെങ്കലം നേടി. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ നീരജിന് വെള്ളിയായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിൽ 88.77 മീറ്റർ എറിഞ്ഞാണ് ഫൈനലിൽ കടന്നത്. 12 പേർ അണിനിരന്ന ഫൈനലിൽ ആദ്യ ഏറ് ഫൗളായി. ആദ്യ റൗണ്ടിൽ നീരജിന്റെ ഏറു മാത്രമാണ് പിഴച്ചത്. അതിനാൽ രണ്ടാമത്തെ അവസരം കരുതലോടെയായിരുന്നു. മെഡൽ തേടുന്ന ബാക്കി 11 പേരുടെ ‘ത്രോ’കളും നിഷ്പ്രഭമാക്കിയാണ് ഇരുപത്തഞ്ചുകാരന്റെ ജാവലിൻ പറന്നത്. മൂന്നാമത്തേത് അൽപം കുറഞ്ഞ് 86. 32 മീറ്ററായി. നാലാമത്തേത് 84.64. അഞ്ചാമത്തേത് 87.73. അവസാനത്തേത് 83.98 മീറ്ററായി ചുരുങ്ങി. ഇന്ത്യയുടെ കിഷോർ കുമാർ ജെന അഞ്ചാമതായി. ഒഡിഷക്കാരൻ 84.77 മീറ്റർ എറിഞ്ഞു. 75.70 മീറ്ററിലാണ് തുടങ്ങിയത്. രണ്ടാമത്തേത് 82.82 മീറ്റർ. അടുത്തത് ഫൗളായി. നാലാമത്തേത് 80.19. അഞ്ചാമത്തേത് ഞെട്ടിക്കുന്നതായിരുന്നു. 84.77. ഒടുവിലത്തേത് ഫൗളായി.
മൂന്നാമത്തെ ഇന്ത്യക്കാരനായ ഡി പി മനു 84.14 മീറ്ററോടെ ആറാംസ്ഥാനത്ത് അവസാനിപ്പിച്ചു. 78.44 മീറ്റർ മറികടന്നാണ് തുടങ്ങിയത്. കർണാടകക്കാരന്റെ രണ്ടാമത്തെ ഏറ് ഫൗളായി. അടുത്തതിൽ 83.72 മീറ്ററിലേക്ക് ഉയർന്നു. അടുത്തത് ഫൗൾ. അഞ്ചാമത്തേത് 83.48. അവസാനത്തേതിലാണ് ആറാംസ്ഥാനം ഉറപ്പിച്ചത്. പോളണ്ടിന്റെ ഡേവിഡ് വെഗ്നർ, ഈജിപ്തിന്റെ ഇഹാദ് അബ്ദുൽ റഹ്മാൻ, മൾഡോവയുടെ ആന്ദ്രിയൻ മൻഡറെ എന്നിവർ മൂന്ന് റൗണ്ടിൽ പുറത്തായി.