തിരുവനന്തപുരം> ഓണക്കിറ്റ് വിതരണമില്ലെന്നും റേഷൻ വിതരണം തടസ്സപ്പെട്ടെന്നും സപ്ലൈക്കോയിൽ സാധനങ്ങളില്ലെന്നും പ്രചരിപ്പിച്ച് നാട്ടിൽ ഭീതി വിതയ്ക്കരുതെന്ന് വാർത്താചാനലുകളോട് മന്ത്രി ജി ആർ അനിൽ അഭ്യർഥിച്ചു. കിറ്റ് നൽകാനോ റേഷൻ വിതരണത്തിനോ നിലവിൽ യാതൊരു പ്രശ്നവുമില്ല.
മാധ്യമങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. എത്രപേർ റേഷൻവാങ്ങിയെന്നും മാസാവസാനത്തെ പതിവ് തിരക്കും മനസ്സിലാകാൻ സർക്കാർ വെബ്സൈറ്റ് നോക്കിയാൽ മതി. ഞായർ രാവിലെ പത്തരവരെ 72.76 ലക്ഷം പേർ റേഷൻ വാങ്ങി. ഇനി പത്ത് ലക്ഷംപേർ വാങ്ങാനുണ്ട്. ഉത്രാടനാളിനുള്ളിൽ അവരും വാങ്ങും. അതോടെ കിറ്റ് വിതരണം പൂർണമാകും. ഉദ്യോഗസ്ഥരും റേഷൻകടക്കാരുമെല്ലാം അവധിദിവസങ്ങളിലും പ്രവർത്തിക്കുകയാണ്. ഈ സന്ദർഭത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് അവരെ നിരാശരാക്കരുതെന്നും മന്ത്രി പറഞ്ഞു.