ഹൈദരാബാദ് > ദേശീയ സ്വാതന്ത്ര പോരാട്ടങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഭാഗമായി ഉണ്ടാത സാമൂഹ്യമുന്നേറ്റങ്ങളെ തകർക്കുകയാണ് ബിജെപി സർക്കാരെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ബഹുസ്വരതയും മതനിരപേക്ഷതയും തച്ചുതകർത്ത് ജനങ്ങൾക്കിടിൽ വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് വർഗീയകലാപങ്ങൾ സൃഷ്ടിക്കുന്നു. മണിപ്പുർ ഇതിന് ഉദാഹരണം. ഭരണഘടന, ഫെഡറലിസം, ജനാധിപത്യം തുടങ്ങിയവയെല്ലാം തകർക്കുന്ന ഫാസിസ്റ്റ് ശൈലിയാണ് കേന്ദ്രസർക്കാർപിന്തുടരുന്നതെന്നും ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ ദേശീയ ദളിത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, നവോത്ഥാന മൂല്യങ്ങൾ ഏറ്റെടുത്തും കാത്തുസൂക്ഷിച്ചുമാണ് ഇടതുപക്ഷസർക്കാർ മുന്നോട്ടുപോകുന്നതെന്നും കെ രാധാകൃഷ്ണൻ ചൂണ്ടിക്കാണിച്ചു. ഗുരുവായൂരിൽ ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിന്റെ ഭാഗമായി പി കൃഷ്ണപിള്ള മുഴക്കിയ മണിയുടെ മാറ്റൊലി ശബ്ദമാണ് ദളിത്, പിന്നോക്ക വിഭാഗക്കാർക്ക് പൂജാരിയും ദേവസ്വംമന്ത്രിയുമൊക്കെ ആകാനുള്ള അഭിമാനകരമായ അവസരമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സുഭാഷിണിഅലി, എം ലക്ഷ്മയ്യ, കെ മാധവറാവു, ഡോ. രാജശേഖരൻ വന്ത്രു, ആർ ലിംബാദ്രി, ബി വെങ്കിട്ട്, ധീരേന്ദ്രത്സാ, ഗുൽസാർ സിങ്ങ് തുടങ്ങിയവർ സംസാരിച്ചു.