ചെറുതുരുത്തി
യുനെസ്കോ അംഗീകരിച്ച കൂടിയാട്ടം അഭ്യസിക്കാൻ കാടിന്റെ പൊന്നോമന കലാമണ്ഡലത്തിലെത്തിയതോടെ കലാമണ്ഡലത്തില് പിറന്നത് പുതുചരിത്രം. കൂടിയാട്ടം അഭ്യസിക്കാൻ ആദിവാസി വിഭാഗത്തിൽനിന്നും ആദ്യമായാണ് ഒരു വിദ്യാർഥി കലാമണ്ഡലത്തിലെത്തുന്നത്. കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട വയനാട് തോണിക്കടവിൽ ചേകാടിതുറമ്പൂർ കോളനിയിൽ ഷരുൺ(16 ) ആണ് പ്ലസ് വൺ ക്ലാസിൽ പ്രവേശനം നേടിയത്. കൂടിയാട്ട വിഭാഗം അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണിതെന്നതും ശ്രദ്ധേയം.
കുട്ടിക്കാലം മുതൽ നൃത്തത്തോട് താൽപ്പര്യമുള്ള ഷരുൺ നാടോടിനൃത്തം തനിയെ പഠിക്കുകയും പലരുടെയും സഹായത്തോടെ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു. മത്സരത്തിൽ എ ഗ്രേഡ് നേടി . അച്ഛൻ ഉപേക്ഷിച്ച് പോയതിനെത്തുടർന്ന് അമ്മയ്ക്കും സഹോദരിക്കും താങ്ങും തണലും ഷരുണാണ്. അതുകൊണ്ടു പുറത്തു പോയി കലാപഠനമെന്നത് ഷരുണിന് സ്വപ്നം മാത്രമായി. എന്നാൽ മകന്റെ ആഗ്രഹമറിഞ്ഞ അമ്മ ആത്മവിശ്വാസം നൽകി. എസ്ടി പ്രൊമോട്ടറായ പി എസ് മിനിയെ ഇക്കാര്യം അറിയിക്കുകയും അവർ കലാമണ്ഡലവുമായി ബന്ധപ്പെടുകയുമായിരുന്നു. വൈസ് ചാൻസലറും, രജിസ്ട്രാറും എല്ലാ പിന്തുണയും നൽകി. കലാമണ്ഡലം കനകകുമാറിനു ദക്ഷിണ നൽകി പഠനത്തിനു തുടക്കം കുറിച്ചു.