കോട്ടയം > തുവ്വൂർ സുജിത വധത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ പച്ചക്കള്ളം പറയുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുഖ്യപ്രതി യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ വെള്ളപൂശാനാണ് സതീശൻ ശ്രമിക്കുന്നത്. മാധ്യമങ്ങളും യൂത്ത് കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയം മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. വിഷ്ണുവിന്റെ രാഷ്ട്രീയബന്ധം തുറന്നുപറയുന്ന രീതിയിലുള്ള വാർത്തകൾ കൊടുക്കുന്നില്ല. മറ്റ് വാർത്തകൾക്ക് കൊടുക്കുന്ന പ്രാധാന്യം ഈ വാർത്തയ്ക്ക് കൊടുത്തിട്ടില്ലെന്നും സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങൾക്കുമുന്നിൽ പച്ചക്കളളം പറയുകയാണ്. ഒന്നും അറിയാത്ത മട്ടിലാണ് വി ഡി സതീശൻ സംസാരിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രതിയെ സംരക്ഷിക്കാൻ നോക്കുകയാണ്. വിഷ്ണുവിനെപ്പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ അയാൾ മുൻ ഡിവൈഎഫ്ഐക്കാരൻ എന്നാണ് പറഞ്ഞത്. വി ഡി സതീശന്റെ തല പരിശോധിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഇത്ര പ്രത്യക്ഷമായി ഒരു കള്ളം പ്രചരിപ്പിക്കുന്നത്. വളരെ കുറച്ച് മാധ്യമങ്ങൾ മാത്രമാണ് സതീശനോട് ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറായത്. ഇതിൽ ഗൂഢാലോചന നടക്കുന്നുണ്ട്. പ്രതിയെ വെള്ളപൂശാനും അന്വേഷണം വഴിതിരിച്ച് വിടാനുമുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്” – സനോജ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടുമുറ്റത്ത് മാലിന്യക്കുഴിയിലിട്ടുമൂടിയതും സിനിമാക്കഥ പോലെ യുവതിയെ കാണാനില്ലെന്ന് പ്രചാരണം നടത്തുകയുംചെയ്തത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചപ്പോൾ അത് മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ കള്ളപ്രചാരണം.
പരമ്പരാഗത കോൺഗ്രസ് കുടുംബമാണ് വിഷ്ണുവിന്റേത്. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2012 – 14 കാലത്ത് പ്ലസ് ടു വിദ്യാർഥിയായിരുന്നപ്പോൾ സജീവ കെഎസ്യു പ്രവർത്തകനായിരുന്നു. പഠനശേഷം യൂത്ത് കോൺഗ്രസിൽ സജീവമായി മണ്ഡലം സെക്രട്ടറിവരെയായി. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായും അടുത്തബന്ധമുണ്ട്. എ പി അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ വിഷ്ണുവിന്റെ ഫെയ്സ് ബുക്ക് പേജിലുണ്ട്. കോൺഗ്രസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും സജീവമാണ്. നേതാക്കളുമായും മറ്റുമുള്ള ബന്ധവും യൂത്ത് കോൺഗ്രസ് ഭാരവാഹിത്വവും മറയാക്കിയായിരുന്നു വിഷ്ണുവിന്റെ അധാർമിക പ്രവർത്തനങ്ങൾ.
സുജിതയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ അറിയിക്കണമെന്നുമുള്ള കരുവാരക്കുണ്ട് പൊലീസിന്റെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ വിഷ്ണു പ്രചരിപ്പിക്കുകയുംചെയ്തിരുന്നു. വിഷ്ണുവിന്റെ വീട്ടുമുറ്റത്തുനിന്ന് സുജിതയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഇയാളാണ് മുഖ്യപ്രതിയെന്ന് ജനങ്ങൾ അറിയുന്നത്. അതോടെ, വിഷ്ണുവിനെ മെയ് 24ന് പുറത്താക്കിയിരുന്നു എന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോജി കെ അലക്സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് സംഭവമറിഞ്ഞയുടൻ യൂത്ത് കോൺഗ്രസിൽനിന്ന് പുറത്താക്കി എന്നാണ്. എന്നാൽ ജില്ലാ നേതൃത്വം അത്തരമൊരു അറിയിപ്പും നൽകിയിട്ടില്ല. കൊല്ലപ്പെട്ട സുജിതയുടെ ഭർത്താവ് മനോജിന്റെ കുടുംബവും കോൺഗ്രസ് അനുഭാവമുള്ളതാണ്. കൊലപാതകം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എതിരാകുമെന്നു കണ്ടതോടെയാണ് സതീശൻ പച്ചക്കള്ളം പറയുന്നത്. വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് മലപ്പുറം ഡിസിസി ഓഫീസിനുമുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വി ഡി സതീശന്റെ കോലം കത്തിച്ചു.