ന്യൂഡൽഹി > ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്പെന്ഡ് ചെയ്ത് യുണൈറ്റഡ് വേൾഡ് റസ്ലിങ് (യുഡബ്ല്യുഡബ്ല്യു). തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാലാണ് ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. ഇതോടെ സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകക്ക് കീഴിൽ താരങ്ങൾക്ക് മത്സരിക്കാനാവില്ല. ന്യൂട്രൽ അത്ലറ്റുകളായി മാത്രമേ മത്സരത്തിന് ഇറങ്ങാൻ പറ്റുള്ളു.
തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്ന് യുഡബ്ല്യുഡബ്ല്യു ഏപ്രിൽ 28ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണ പരാതികളും താരങ്ങളുടെ പ്രതിഷേധവും തുടർന്നുള്ള പ്രശ്നങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് നടക്കാഞ്ഞത്. ഇന്ത്യന് ഒളിംപിക് അസോസിയേഷന് രൂപീകരിച്ച അഡ്- ഹോക്ക് കമ്മിറ്റിയാണ് നിലവില് ഡബ്ല്യുഎഫ്ഐയെ നിയന്ത്രിക്കുന്നത്.