ജൊഹന്നാസ്ബർഗ് > കൂടുതല്‍ രാജ്യങ്ങള്‍ക്ക് അംഗത്വം നല്കാന് ബ്രിക്സ് കൂട്ടായ്മ. അർജന്റീന, ഇറാൻ, സൗദി അറേബ്യ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങളെയാണ് ബ്രിക്സിൽ ചേരാനായി ക്ഷണിച്ചിരിയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നടന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് സിറിൽ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരു പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് ഉച്ചകോടി ആരംഭിച്ചത്. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. തീരുമാന പ്രകാരം 2024 ജനുവരി 1 മുതൽ പുതിയ രാജ്യങ്ങൾ കൂട്ടായ്മയില്‍ അംഗങ്ങളാകും.
ബ്രിക്സ് കൂട്ടായ്മ വികസിപ്പിക്കുന്നതിനെ ഇന്ത്യ പൂർണമായും പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ (ട്വിറ്റർ ) കുറിച്ചു. കൂട്ടായ്മ വിപുലീകരിക്കുന്നത് സഖ്യത്തിന്റെ ശക്തി വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനുശേഷം നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസ എന്നിവരും പങ്കെടുത്തു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരിട്ട് ഉച്ചകോടിക്ക് എത്തിയിട്ടില്ല. പകരം വിദേശമന്ത്രി സെർജി ലാവ്റോവ് എത്തി. പുടിന് ഓണ്‍ലൈനായാണ് പങ്കെടുക്കുന്നത്. സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.