തിരുവനന്തപുരം
തുമ്പയെന്ന കടലോര ഗ്രാമത്തിൽ തുടങ്ങിയ ഐഎസ്ആർഒയുടെ ചരിത്രയാത്ര ഒടുവിൽ ചന്ദ്രോപരിതലത്തിൽ. തുമ്പയിൽനിന്നുള്ള ആദ്യറോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വർഷത്തിലാണ് ചാന്ദ്രയാൻ 3 ലൂടെ രാജ്യത്തിന്റെ അഭിമാനം ചന്ദ്രനിലെത്തിയത്.
തുമ്പ സെന്റ് മേരി മഗ്ദലേന കത്തോലിക്ക പള്ളി തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനായപ്പോൾ 1963 നവംബർ 21ന് ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ ചരിത്രം ആരംഭിച്ചു. വിക്രംസാരാഭായിയുടെ നേതൃത്വത്തിൽ എ പി ജെ അബ്ദുൾ കലാം അടക്കമുള്ള മഹാൻമാർ അന്ന് രാജ്യത്തിന്റെ അഭിമാനം വാനോളമെത്തിച്ചു.
റഷ്യയിൽനിന്ന് ഇറക്കുമതിചെയ്ത എം100, ഫ്രാൻസിൽ നിന്ന് എത്തിച്ച സെന്റൗർ എന്നീ രണ്ട്-ഘട്ട റോക്കറ്റുകളായിരുന്നു അന്ന് വിക്ഷേപിച്ചത്. 1965 മുതൽ തദ്ദേശീയമായി വികസിപ്പിച്ച സൗണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചുതുടങ്ങി. ഐഎസ്ആർഒയ്ക്ക് ഇന്നുള്ള സാമ്പത്തിക, സാങ്കേതിക പിന്തുണയുമായി താരതമ്യം ചെയ്യുമ്പോൾ 60 വർഷം മുമ്പത്തെ ആദ്യവിക്ഷേപണം അതിലളിതമായിരുന്നു.
റോക്കറ്റിന്റെ ഭാഗങ്ങൾ കാളവണ്ടിയിലും സൈക്കിളിലും എത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ പതിഞ്ഞവയാണ്. ഇന്ന് ചാന്ദ്രയാൻ 3ന്റെ വിജയം ആ ഓർമകൾക്ക് നിറം നൽകുന്നു.















