കൊച്ചി > ഐസിടി അക്കാദമി ഓഫ് കേരളയുടെ വാർഷിക പരിപാടിയായ ഇന്റർനാഷണൽ കോൺക്ലേവ് ഓൺ സ്കിൽസ്, എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജി (ഐസിഎസ്ഇടി) അടുത്ത മാസം 19ന് അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കും. ഐസിഎസ്ഇടിയുടെ ഇവന്റ് ഷെഡ്യൂൾ ബുക്ക്ലെറ്റ് വ്യവസായമന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന പ്രകാശന ചടങ്ങിൽ ഐസിടി സിഇഒ സന്തോഷ് കുറുപ്പ്, ഐസിടി പ്രോഗ്രം ഹെഡ് ബിജു സോമൻ, പ്രോഗ്രാം മാനേജർ വിധു വിൻസന്റ് എന്നിവർ പങ്കെടുത്തു.
വ്യവസായികലോകവും അക്കാദമിക് മേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും പുതിയ വ്യവസായിക പ്രവണതകളെ അക്കാദമിക് ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ഐസിഎസ്ഇടിയുടെ ഉദ്ദേശം. നിർമ്മിത ബുദ്ധി ലോകത്തെ പുനർനിർവചിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അതിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തീം ആണ് ഇക്കുറി ഐസിഎസ്ഇടിയുടേത്.
എഐ ഗൈറേഷൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഏകദിന കോൺക്ലേവിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ പരിചയപ്പെടുത്തുകയും ഒപ്പം വ്യത്യസ്ത മേഖലകളിൽ ഇത് സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധികൾ ചർച്ച ചെയ്യുകയും ചെയ്യും. ദേശീയ-അന്തർദേശീയ രംഗത്തെ പ്രമുഖരാണ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. സാങ്കേതിക- അക്കാദമിക മേഖലകളെ പ്രതിനിധീകരിച്ച് 2000ത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.