തിരുവനന്തപുരം > തിരുവനന്തപുരത്തിനുള്ള ഓണസമ്മാനമായി നവീകരിച്ച കലാഭവൻമണി റോഡ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം മുമ്പ് തന്നെ പണി പൂർത്തിയാക്കിയ റോഡ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ
മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ പങ്കെടുത്തു.
ബേക്കറി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്ന റോഡ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യാഥാർഥ്യമാക്കിയത്. വിമെൻസ് കോളേജ്, കോട്ടൺഹിൽ സ്കൂൾ തുടങ്ങിയയിടങ്ങളിൽനിന്ന് സെക്രട്ടറിയറ്റിലേക്കും തമ്പാനൂരിലേക്കുമുള്ള എളുപ്പവഴിയാണിത്.
പൊതുമരാമത്തിന് കീഴിലുള്ള കെആർഎഫ്ബിയുടെയും സ്മാർട്ട്സിറ്റിയുടെയും നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്. നേരത്തേ കരാറെടുത്ത സ്ഥാപനം അനാസ്ഥ കാണിച്ചതോടെ റോഡ് നിർമാണം വൈകിയിരുന്നു. നിർമാണം വേഗത്തിലാക്കാൻ കോർപറേഷനും തുടർന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും നേരിട്ട് ഇടപെട്ടിരുന്നു.
ആധുനിക നിലവാരത്തിലുള്ള റോഡിൽ ഇലക്ട്രിക്കൽ കേബിളുകൾ, ടെലികമ്മ്യൂണിക്കേഷൻ കേബിളുകൾ എന്നിവയെല്ലാം ഭൂഗർഭ പില്ലറുകൾ വഴിയാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ഭിന്നശേഷി സൗഹൃദ ഫുട്പ്പാത്ത്, ആവശ്യമായ തെരുവുവിളക്കുകൾ, പനവിള ജംഗ്ഷന്റെ സൗന്ദര്യ വൽക്കരണം എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.















