തിരുവനന്തപുരം > തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനായി നവംബർ ഒന്നിന് പുറത്തിറക്കാൻ ലക്ഷ്യമിടുന്ന കെ സ്മാർട്ടിന് 22. 50 കോടിയുടെ ഗ്രാന്റ്. ഇൻഫർമേഷൻ കേരളാ മിഷൻ രൂപകൽപ്പന ചെയ്യുന്ന കെ സ്മാർട്ട് ഓൺലൈൻ സേവന പ്ലാറ്റ്ഫോമിന്റെ ഡെവലപ്മെന്റും ലക്ഷ്യങ്ങളും പുരോഗതിയും വിലയിരുത്തി നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ ആണ് 22.5 കോടി രൂപ ഗ്രാന്റായി അനുവദിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടമായി ഏഴര കോടി രൂപ അനുവദിച്ചു. ലോഞ്ച് ചെയ്യും മുൻപേ മികച്ച നേട്ടമാണ് കെ സ്മാർട് സ്വന്തമാക്കിയിരിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഗവേണൻസിൽ ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമാക്കി ഐകെഎമ്മിനെ മാറ്റാൻ ഈ അംഗീകാരം സഹായകരമാകും. ഇൻഫർമേഷൻ കേരളാ മിഷനെയും എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബുവിനെയും കെ സ്മാർട്ട് ഡെവലപ്മെന്റ് ടീമിനെയും മന്ത്രി അഭിനന്ദിച്ചു.
നഗര പ്രദേശങ്ങളിലെ ഭരണ നിർവഹണവും പൊതുജനങ്ങൾക്കുള്ള സേവനപ്രദാനവും പൂർണമായും കംപ്യുട്ടർവത്കരിക്കാനും അതിവേഗം സേവനം ലഭിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ സ്ഥാപനമായ എൻയുഡിഎം പ്രവർത്തിക്കുന്നത്. പ്രാദേശിക സർക്കാരുകളുടെ സേവനങ്ങളെ നൂതനവും മികവോടെയും ഒരുക്കി നൽകാനുള്ള സുപ്രധാന ചുവടുവെപ്പാണ് കെ സ്മാർട്ട് പ്ലാറ്റ്ഫോം.
നവംബർ ആദ്യം ലോഞ്ച് ചെയ്യും
പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കാനുള്ള ഒമ്പത് മൊഡ്യൂളുകളോടെ നവംബർ ആദ്യം കെ സ്മാർട് ലോഞ്ച് ചെയ്യും. കൂടുതൽ സേവനങ്ങൾ തുടർന്ന് ചേർക്കും. മറ്റ് സംസ്ഥാനങ്ങളും കെ സ്മാർട്ട് മാതൃകയിൽ സോഫ്റ്റ് വെയർ തയ്യാറാക്കാൻ ഇതിനകം തന്നെ ഐകെഎമ്മിനെ സമീപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ സേവനം ഓൺലൈനിൽ ലഭ്യമാക്കിയ ഐഎൽജിഎംഎസ് പ്ലാറ്റ്ഫോമും ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടുതൽ വിപുലവും ആധുനികവുമായ സൌകര്യമാണ് കെ സ്മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും പൗരന്മാർക്കുള്ള സേവനങ്ങൾ ഓൺലൈനിലാക്കുന്നന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കായി നിരവധി സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ ഐകെഎം വികസിപ്പിച്ച് വിന്യസിച്ചിട്ടുണ്ട്.















