പാലക്കാട് > നഗരസഭയുടെ തമ്മിൽത്തല്ലിൽ മൂന്നാം ദിനവും കുടുംബശ്രീ ഓണച്ചന്ത മുടങ്ങി. ബിജെപി കൗൺസിലർമാർക്കിടയിലെ ചേരിതിരിവാണ് ഓണച്ചന്തയെയും തകിടം മറിച്ചത്. ബിജെപി ജില്ലാ നേതൃത്വം ഇടപെട്ടതോടെ ചൊവ്വാഴ്ച ചന്ത തുടങ്ങാൻ തീരുമാനമായി.
സ്റ്റേഡിയം സ്റ്റാൻഡിൽ സാധാരണ ചന്ത നടത്തുന്ന സ്ഥലത്തിനുപകരം സ്റ്റാൻഡിന്റെ പടിഞ്ഞാറെഭാഗത്ത് ചന്ത തുടങ്ങാനായിരുന്നു നീക്കം. മഴയിൽ പ്രദേശത്ത് ചെളിയായതോടെ പഴയസ്ഥലത്തേക്ക് ചന്ത മാറ്റണമെന്ന് കുടുംബശ്രീ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ഇതോടെ ചന്ത പതിവ് സ്ഥലത്തേക്ക് മാറ്റുന്ന നടപടി തടസ്സപ്പെട്ടു. ചന്തയുടെപ്രവർത്തനം പ്രതിസന്ധിയിലായതോടെ ബിജെപി ഉന്നത നേതാക്കളെ അടക്കം ഒരു വിഭാഗം കൗൺസിലർമാർ സമീപിച്ചു. ചന്ത തുടങ്ങാനുള്ള സാഹചര്യം ഒരുക്കി നൽകണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടും ഒരു വിഭാഗം കൗൺസിലർമാർ വഴങ്ങിയിട്ടില്ല.
തടസ്സം നീക്കി ഓണച്ചന്ത ഉടൻ തുടങ്ങണമെന്നാണ് കുടുംബശ്രീ ആവശ്യം. ഭരണപക്ഷത്തെ ഒരു അംഗത്തിന്റെ ഇടപെടലാണ് പ്രശ്നങ്ങൾ വഷളാക്കുന്നതെന്നും ഇതിന് രണ്ട് കൗൺസിലർമാർ കൂട്ടുനിൽക്കുന്നെന്നും ആരോപണമുണ്ട്. പാർടി നേതൃത്വത്തിനെതിരെ ഇവർ ഒന്നിച്ച് നീങ്ങുന്നതിലും നഗരസഭാഭരണം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിലും ബിജെപിയിൽ അമർഷം പുകയുകയാണ്. ഈ മൂന്നുപേർക്കെതിരെയും നടപടി വേണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. കുടുംബശ്രീയ്ക്ക് സ്ഥലം നേരത്തെതന്നെ അനുവദിച്ചതാണെന്നും ആശയക്കുഴപ്പം അനാവശ്യമാണെന്നും നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ പറഞ്ഞു.