കൊച്ചി
കൊച്ചി–-സേലം എൽപിജി പൈപ്പ്ലൈൻ പദ്ധതിയുടെ കേരള റീച്ചിന് പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) അനുമതിയായി. പദ്ധതിയുടെ കേരളത്തിലെ പൈപ്പിടലും സുരക്ഷാപരിശോധനകളും മേയിലാണ് പൂർത്തിയായത്. ഓയിൽ ഇൻഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റ് അനുമതിയും ലഭിച്ചിരുന്നു.
ഭൂഗർഭ പൈപ്പുവഴി അമ്പലമുകൾ ബിപിസിഎൽ കൊച്ചിൻ റിഫൈനറി, പുതുവൈപ്പ് ഇന്ത്യൻ ഓയിൽ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവിടങ്ങളിൽനിന്ന് തമിഴ്നാട്ടിലേക്ക് എൽപിജി എത്തിക്കുന്ന പദ്ധതിയാണിത്. 1506 കോടിയാണ് ചെലവ്. പാലക്കാട് ബിപിസിഎൽ വഴിയാണ് തമിഴ്നാട്ടിലേക്ക് എൽപിജി എത്തിക്കുക.
കൊച്ചിൻ റിഫൈനറി, പുതുവൈപ്പ് ഇന്ത്യൻ ഓയിൽ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവിടങ്ങളിൽനിന്ന് പാലക്കാട് ബിപിസിഎൽവരെ എൽപിജി എത്തിക്കുന്നത് ഈ ആഴ്ച അവസാനം പൂർത്തിയാകും. ചൊവ്വയോ ബുധനോ എൽപിജി നിറയ്ക്കൽ ആരംഭിക്കും. കേരള റീച്ച് പൂർത്തിയാകുന്നതോടെ പാലക്കാടുവരെ പൈപ്പ്ലൈനിലൂടെ എൽപിജി എത്തും.
ഐഒസി–-ബിപിസിഎൽ സംയുക്തപദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്. 2019ൽ ആരംഭിച്ച പദ്ധതിക്ക് സ്ഥലം നൽകിയവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കിയതും സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കിയതും എൽഡിഎഫ് സർക്കാരാണ്.
പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലേക്ക് പാചകവാതകനീക്കം സുഗമവും സുരക്ഷിതവുമാകും. കൊച്ചി നഗരത്തിലൂടെയും കുതിരാനിലൂടെയും സർവീസ് നടത്തുന്ന നൂറ്റമ്പതിലേറെ ബുള്ളറ്റ് ടാങ്കറുകൾ നിരത്തുകളിൽനിന്ന് ഒഴിവാകും.
കൊച്ചിൻ റിഫൈനറിമുതൽ ഉദയംപേരൂർ ഐഒസിവരെ 12 കിലോമീറ്റർ പൈപ്പ്ലൈൻ കമീഷൻ ചെയ്തിരുന്നു. വാളയാർമുതൽ സേലംവരെ പൈപ്പ്ലൈൻ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരിന്റെ സർവേ പൂർത്തിയായി. പൈപ്പിടുന്നതിന് സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. 2025ൽ പദ്ധതി പൂർണമായി കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.















