തിരുവനന്തപുരം> കോണ്ഗ്രസ് പ്രവര്ത്തക സമിതിയില് ഉള്പ്പെടുത്താത്തതില് പ്രതികരിക്കാതെ രമേശ് ചെന്നിത്തല.പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് തന്റെ മുന്നിലുള്ള മുഖ്യ അജണ്ടയെന്നും മറ്റു വിഷയങ്ങളില് പിന്നീട് പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
ചാണ്ടി ഉമ്മന് ചരിത്ര വിജയം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം. മറ്റൊരു വിഷയവും തന്റെ മുമ്പില് ഇല്ല. മറ്റ് കാര്യങ്ങള് ഈ മാസം ആറു കഴിഞ്ഞ് പറയാം എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, കോണ്ഗ്രസ് പ്രവര്ത്തക സമിതിയില് അംഗമാക്കത്തതില് രമേശ് ചെന്നിത്തല അതൃപ്തനാണെന്ന വാര്ത്തകള് പുറത്തുവന്നിരുന്നു.അതേസമയം, പ്രവര്ത്തകസമിതിയില് ഉള്പ്പെടുത്താത്തതില് തനിക്ക് പരാതിയില്ലെന്ന വി ഡി സതീശന്റെ പരാമര്ശത്തോടും പ്രതികരിക്കാന് ചെന്നിത്തല തയ്യാറായില്ല.
ഇന്നലെയാണ് കോണ്ഗ്രസിലെ ഏറ്റവും ഉയര്ന്ന സംഘടനാവേദിയായ പ്രവര്ത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാര്ട്ടി അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പ്രഖ്യാപിച്ചത്. ശശി തരൂരിനെ പ്രവര്ത്തകസമിതിയില് ഉള്പ്പെടുത്തിയപ്പോള് ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയാണ് ചെയ്തത്. 39 അംഗ സമിതിയില് കേരളത്തില് നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്, ശശി തരൂര് എന്നിവര് ഉള്പ്പെട്ടു.
32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉള്പ്പെടുത്തിയത്. പ്രവര്ത്തക സമിതിയില് നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവര്ത്തകസമിതിയംഗമായി ഉയര്ത്തിയത് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.















