തിരുവനന്തപുരം> ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖം പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യുട്യൂബിലും വന്നതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ.
എഡിറ്റ് നടന്ന അഭിമുഖത്തിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാനാണ് മറ്റു മാധ്യമങ്ങൾ ശ്രമിച്ചത്. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ലെന്നും എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നും സച്ചിദാനന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
നമ്മുടെ മാധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിൻ്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാൻ രണ്ടു മണിക്കൂർ നീണ്ട ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിൻ്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയും. അതിൻ്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യുട്യൂ ബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാധ്യമങ്ങൾ ശ്രമിച്ചത്.
ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തല ത്തിലാണ് ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥയെക്കുറിച്ച് ഞാൻ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസ്സമാണെന്ന് ബോദ്ധ്യമാകുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.