കോഴിക്കോട് > സാമ്രാജ്യത്വം ഗുരുതര അതിജീവന പ്രതിസന്ധി നേരിടുകയാണെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. പി കൃഷ്ണപിള്ള സ്മൃതി ദേശീയ സെമിനാറിൽ ‘സാമ്രാജ്യത്വത്തിന്റെ അതിജീവന പ്രതിസന്ധിയും വർത്തമാനലോകവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വം നിലനിൽപ്പിനായി പാടുപെടുകയാണ്. നവലിബറൽ നയങ്ങളിലൂടെ രക്ഷപ്പെടാനാവില്ലെന്ന അവസ്ഥ സംജാതമായിക്കഴിഞ്ഞു. ഭൂമിശാസ്ത്രപരമായി അധിനിവേശം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെയും അധിനിവേശത്തിന്റെയും ആഘാതങ്ങൾക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ലോകത്താകെ രൂപപ്പെടുകയാണ്. അസമത്വം സാർവദേശീയ പ്രതിഭാസമായി മാറിക്കഴിഞ്ഞു. അതിനെതിരായ പ്രതിഷേധം ശക്തമാണ്. വികസിത രാജ്യങ്ങളിലും നവ ലിബറൽ നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തിപ്പെടുന്നു.
മെട്രോ പൊളിറ്റൻ നഗരങ്ങളിൽപ്പോലും തൊഴിലാളി പ്രതിഷേധം ഉയരുന്നു. റഷ്യക്കെതിരായ സാമ്രാജ്യത്വ ഉപരോധം ദരിദ്രരാജ്യങ്ങൾ മുഖവിലക്കെടുത്തിട്ടില്ല എന്നത് പ്രധാനമാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ എണ്ണ ഉൽപ്പാദനം കുറച്ച് വിലസ്ഥിരത നിലനിർത്താനുള്ള യുഎസ് നിർദേശം ഒപെക് രാജ്യങ്ങൾ പാലിച്ചില്ല. ഉക്രയ്നിലേക്ക് ആയുധങ്ങൾ കയറ്റാൻ ഇറ്റലിയിലെ തൊഴിലാളികൾ വിസമ്മതിച്ചതും യുദ്ധത്തിനെതിരായ നിലപാടിന്റെ ഭാഗമാണ്.
വികസിത മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മൂന്നാംലോക രാജ്യങ്ങളെ കഠിനമായി ചൂഷണംചെയ്യുകയാണ്. ലോക സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ നവ ലിബറൽ നയങ്ങൾക്ക് സാധിക്കുന്നില്ല. പല വികസിത രാജ്യങ്ങളും നവ ലിബറലിസത്തിന്റെ പിടിയിൽനിന്ന് കുതറിമാറാൻ ശ്രമിക്കുകയാണ്. അമേരിക്കയിൽതന്നെ ഇത് പ്രകടമാണ്. സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് അനുകൂലമായി നിലകൊള്ളുന്നവർക്ക് ഇന്നത്തെ അവസ്ഥ വിശകലനം ചെയ്യാനുള്ള ബൗദ്ധിക കാഴ്ചപ്പാട് തന്നെ ഇല്ലാതായതായും അദ്ദേഹം പറഞ്ഞു.