ആലപ്പുഴ > രമേശ് ചെന്നിത്തലയെ എഐസിസി പ്രവർത്തകസമിതിയിൽ ക്ഷണിതാവാക്കി തരംതാഴ്ത്തിയതിന് പിന്നിൽ കെ സി വേണുഗോപാൽ – സതീശൻ സഖ്യം. നിലവിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനേക്കാളും പലപ്പോഴും പ്രതികരണവുമായി ആദ്യം രംഗത്തുവന്നിരുന്നത് രമേശ് ചെന്നിത്തലയാണ്. രമേശിന്റെ ‘പ്രതിപക്ഷ നേതാവ്’ കളിയിൽ വി ഡി സതീശന് അതൃപ്തിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ സി വേണുഗോപാലിനോട് വി ഡി സതീശൻ അതൃപ്തി അറിയിച്ചതായാണ് വിവരം.
നിലവിൽ പ്രവർത്തകസമിതിയംഗമായിരുന്ന രമേശിനെ ക്ഷണിതാവാക്കിയപ്പോൾ ശശി തരൂരിനെ പ്രവർത്തകസമിതിയംഗമായി ഉയർത്തുകയുംചെയ്തത് രമേശിന് ഇരട്ടപ്രഹരമായി. ഇതുസംബന്ധിച്ച് പ്രതികരിക്കാനും ചെന്നിത്തല തയ്യാറായില്ല.
2021ലെ സംസ്ഥാന പൊതുതെരഞ്ഞടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണം പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ അപക്വ നിലപാടാണെന്ന് ആരോപണം ഉയർത്തിയാണ് വി ഡി സതീശൻ –- കെ സി വേണുഗോപാൽ സഖ്യം മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. നിലവിൽ എംഎൽഎമാത്രമായ രമേശിന് ആലപ്പുഴ ജില്ലയിൽ പിന്തുണ നൽകുന്നത് ഡിസിസിയുടെ മുൻ പ്രസിഡന്റായിരുന്ന എ എ ഷുക്കൂർ മാത്രമാണ്. ഡിസിസി പ്രസിഡന്റും രമേശിന്റെ വലംകൈയുമായിരുന്ന ബാബുപ്രസാദും കെ സി വേണുഗോപാലിനൊപ്പമാണ്.