തിരുവനന്തപുരം
പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി പ്രസിഡന്റ് പദവിയും നഷ്ടമായ രമേശ് ചെന്നിത്തല ഇക്കുറിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്ഷണിതാവുമാത്രം. ശശി തരൂരിനെ ഉൾപ്പെടുത്തിയതും ചെന്നിത്തലയെ തഴഞ്ഞതും സംസ്ഥാന കോൺഗ്രസിൽ പുതിയ കലാപങ്ങൾക്ക് വഴിതുറക്കും. മൂപ്പിളമ തർക്കവും രൂക്ഷമാകും.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന കോൺഗ്രസ് നേതാക്കളിൽ മുതിർ
ന്നയാളാണ് ചെന്നിത്തല. താരതമ്യേന ജൂനിയറായ ശശി തരൂർ എംപിക്കാണ് കോൺഗ്രസ് പ്രവർത്തക സമിതിയിൽ സീറ്റ് കിട്ടിയത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തരൂർ മത്സരിച്ചത് പ്രവർത്തക സമിതിയിൽ സീറ്റുറപ്പിക്കാനാണെന്ന് പാർടിക്കുള്ളിൽ നേരത്തേ ചർച്ചയുണ്ടായിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ തീരുമാനം. ചെങ്കോൽ വിവാദത്തിലടക്കം ഔദ്യോഗിക നിലപാടിന് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ളവരുടെ നീക്കങ്ങളും തരൂരിന് വിലങ്ങുതടിയായില്ല.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെയുണ്ടായ ഒഴിവിൽ തന്നെ പരിഗണിക്കുമെന്ന് ചെന്നിത്തല ഉറച്ച് വിശ്വസിച്ചിരുന്നു. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും അഖിലേന്ത്യ നേതൃത്വവുമായുള്ള അടുപ്പവും തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രവർത്തക സമിതിയുടെ വാതിൽ തനിക്കുനേരെ കൊട്ടിയടച്ചതിൽ കടുത്ത രോഷത്തിലാണ് ചെന്നിത്തല. 19 വർഷമായി സ്ഥിരം ക്ഷണിതാവായ തന്നെ ഉൾപ്പെടുത്താത്തതിലുള്ള നീരസം ചെന്നിത്തല നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ‘ഒന്നും പറയാനില്ല’ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
കെ സി വേണുഗോപാലിന്റെ ഇടപെടലാണ് ഇക്കുറി വിനയായതെന്നാണ് ചെന്നിത്തലയുമായി അടുത്തുനിൽക്കുന്നവർ കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് വേണുഗോപാൽ. സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള പദ്ധതിയും വേണുഗോപാലിനുണ്ട്. ചെന്നിത്തലയെ തഴഞ്ഞതിനുള്ള കാരണം മറ്റൊന്നല്ലെന്ന വിലയിരുത്തലുകളുമുണ്ട്. 2004 മുതൽ പ്രവർത്തക സമിതിയിൽ ക്ഷണിതാവായ ചെന്നിത്തലയ്ക്ക് അർഹമായ അംഗീകാരം നൽകേണ്ടിയിരുന്നെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കിടയിലുമുണ്ട്.