ഒട്ടാവ
മുന്നൂറ്റിഎൺപതിൽപ്പരം ഇടങ്ങളിൽ കാട്ടുതീ ആളിപ്പടരുന്ന ക്യാനഡയിൽ അപകടമേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു. കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബ്രിട്ടീഷ് കൊളംബിയയിൽ 30,000 വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് നിർദേശംനൽകി. കനത്ത പുക മൂടിക്കിടക്കുന്ന കെലോവ്നയിൽ പ്രവേശിക്കുന്നതിൽനിന്ന് ജനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. പടിഞ്ഞാറൻ കെലൊവ്നയിൽ ആയിരക്കണക്കിന് വീടുകൾ കത്തിനശിച്ചു.
കാംലൂപ്സ്, ഒളിവർ, പെന്റിക്ടൺ, വെർനൻ, ഒസോയൂസ് എന്നിവിടങ്ങളിലേക്കും യാത്രാനിയന്ത്രണമുണ്ട്.
ബ്രിട്ടീഷ് കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് നിലവിലത്തേതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച 15,000 വീട്ടുകാരോട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥിതിഗതികൾ രൂക്ഷമായതോടെ ശനിയാഴ്ച 30,000 വീട്ടുകാരെ ഒഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് പടരുന്നതിൽ 150 ഇടങ്ങളിലെ കാട്ടുതീയും നിയന്ത്രണാതീതമാണ്.