വടക്കഞ്ചേരി > പരീക്ഷകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പുതുക്കോട് പാട്ടോല ലക്ഷംവീട്ടിൽ ഹക്കീമിന്റെ മകൻ റൈഹാൻ (15) ആണ് മരിച്ചത്. ശനി പകൽ 12ന് അപ്പക്കാട് കാരാട്ട് കുളത്തിലായിരുന്നു അപകടം. പുതുക്കോട് സർവജന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റൈഹാൻ.
പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കാരാട്ട് കുളത്തിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. റൈഹാൻ മുങ്ങിത്താഴുന്നത് കണ്ട് സുഹ്യത്തുക്കൾ ബഹളം വച്ചു. നാട്ടുകാർ എത്തി റൈഹാനെ പുറത്തെടുത്ത് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉമ്മ: ഷമീറ. സഹോദരങ്ങൾ: റിസ്ഫാൽ, റിഹാൽ.