തൃപ്പൂണിത്തുറ > തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നൽകുന്ന മതസൗഹാർദത്തിന്റെ വെളിച്ചം എല്ലാ ദിക്കിലേക്കും പടരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത. ലോകമെമ്പാടുമുള്ള മലയാളികൾ ഉറ്റുനോക്കുന്ന ആഘോഷമാണ് അത്തച്ചമയം. കരിങ്ങാച്ചിറ കത്തനാരും, ചെമ്പിലരയനും, നെട്ടൂർ തങ്ങളും, രാജകുടുംബാംഗങ്ങളും ഒത്തുചേർന്ന് നയിച്ച അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവം വർത്തമാനകാല ഇന്ത്യയിൽ ഉയർത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1946 വരെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു അത്തച്ചമയം. പിൻകാലത്ത് ചടങ്ങിന്റെ ജനകീയത മുൻനിർത്തി ജനകീയ സമിതി ഏറ്റെടുക്കുകയായിരുന്നു. രാജവാഴ്ച കാലത്ത് ഏറ്റവും ഒടുവിലായി രാജവർമ്മ പരിഷത്ത് മഹാരാജാവാണ് അത്തച്ചമയത്തിന് നേതൃത്വം നൽകിയത്. ഇന്ന് തൃപ്പൂണിത്തുറ നഗരസഭയാണ് നേതൃത്വം നൽകുന്നത്.
ലോകത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിലേക്ക് തൃപ്പൂണിത്തുറയെ ഉയർത്തിക്കൊണ്ടുവരാൻ അത്തച്ചമയ ആഘോഷങ്ങൾക്ക് സാധിക്കും. കള്ളപ്പറയും ചെറുനാഴിയും പൊളിവചനങ്ങളും ഇല്ലാത്ത സമത്വത്തിന്റെ ഒരു കാലമാണ് ഓണം നൽകുന്ന സന്ദേശം. ഓണത്തിന്റെ മാനവിക മൂല്യങ്ങൾ ഉയർത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1895 ഹിൽ പാലസ് നിർമ്മിച്ചതോടെ കൊച്ചിരാജാവിന്റെ ആസ്ഥാനം അവിടെ ആയതിനെ തുടർന്നാണ് അത്തച്ചമയ ആഘോഷങ്ങൾക്ക് ഹിൽ പാലസ് കേന്ദ്രമായത്. അത്തച്ചമയത്തിലെ ഒരുമയുടെ സന്ദേശം ഉയർത്തിക്കൊണ്ട് കേരളീയത എന്ന ഒറ്റ വികാരത്തിൽ നമുക്ക് എല്ലാവർക്കും ഒരുമിക്കാൻ കഴിയട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അത്തപതാക ഉയർത്തി അത്തംനഗറിൽ (ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്) നടന്ന ഘോഷയാത്ര ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തറ രാജനഗരിക്ക് വർണ്ണക്കാഴ്ചയൊരുക്കി ഒട്ടനവധി നിശ്ചല ദൃശ്യങ്ങളും, നാടൻ കലാരൂപങ്ങളും, വാദ്യമേളങ്ങളും ഘോഷയാത്രയുടെ ഭാഗമായി.
കെ.ബാബു എംഎൽഎ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹൈബി ഈഡൻ എംപി, തോമസ് ചാഴിക്കാടൻ എംപി, അനൂപ് ജേക്കബ് എംഎൽഎ, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, മുനിസിപ്പൽ സെക്രട്ടറി പി.കെ സുഭാഷ്, അത്തച്ചമയ ഘോഷയാത്ര ജനറൽ കൺവീനർ കെ വി സാജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.