കൊച്ചി> മാറ്റം എന്ന പേര് എല്ലാത്തരത്തിലും അർത്ഥവത്താകുന്ന നടപടികളാണ് കേരളം ഇന്നു പിൻതുടരുന്നതെന്ന് മന്ത്രി പി രാജീവ്. കൊച്ചിയിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയായ ‘മാറ്റ’ത്തിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ആധുനിക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ രൂപരേഖ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മപുരം ഒരു പാഠം എന്നത് പോലെ തന്നെ അവസരം കൂടിയായിരുന്നു. മാലിന്യസംസ്ക്കരത്തിൽ നമ്മുടെ സമീപനത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരു പ്രത്യേക ഘട്ടമാണ് ഇപ്പോൾ പിന്നിടുന്നത്. ബിപിസിഎൽ ബ്രഹ്മപുരത്ത് തന്നെ ആരംഭിക്കുന്ന പ്രത്യേക പ്ലാന്റിന് ഒക്ടോബറോടെ വിശദ പദ്ധതി റിപ്പോർട്ട് ലഭിക്കും. പ്ലാന്റ് അതിവേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മാർഗ നിർദ്ദേശമനുസരിച്ച് മാലിന്യസംസക്കരണത്തിൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകുന്ന മന്ത്രി എം ബി രാജേഷിനെയും മറ്റുള്ളവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.