മീമുകളിലൂടെ സോഷ്യൽമീഡിയയുടെ മനം കവർന്ന “ചീംസ്’ എന്ന ലോകപ്രശസ്തനായ നായക്കുട്ടി ഇനിയില്ല. ഷീബ ഇനു ഇനത്തിൽപെട്ട 12കാരനായ നായക്കുട്ടി രക്താര്ബുദത്തെ തുടർന്ന് വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്കിടെയാണ് വിടവാങ്ങിയത്. ലോകത്തെ ഏറ്റവും പ്രശസ്തമായ മീമുകളില് ഒന്നാണ് ചീംസിന്റേത്.
ചീംസിന്റെ വിയോഗം സമൂഹമാധ്യമങ്ങളെയും ദുഖത്തിലാഴ്ത്തി. ആയിരക്കണക്കിന് ആളുകളാണ് ചീംസിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. 2010ലാണ് ചീംസ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇടകണ്ണിട്ടുള്ള നോട്ടവും കള്ളച്ചിരിയുമായി അലസമായിരിക്കുന്ന ചീംസിനെ സോഷ്യല്മീഡിയ പിന്നീടങ്ങോട്ട് ഏറ്റെടുക്കുകയായിരുന്നു. ‘ബോൾട്ട്സെ’ എന്നാണ് ചീംസിന്റെ യഥാര്ഥ പേര്. ഒരു വയസുള്ളപ്പോഴാണ് ചീംസിനെ ഉടമകൾ ഹോങ്കോങ്ങിൽ നിന്നും ദത്തെടുക്കുന്നത്.
2013ല് ‘നോ യുവര് മീമി’ന്റെ ‘മീം ഓഫ് ദി ഇയര്’ പുരസ്കാരവും ചീംസിനായിരുന്നു. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണത്തിന് ഫോളോവേഴ്സ് ആണ് ചീംസിനുള്ളത്. 2022 ഡിസംബറില് ചീംസിന് രക്താര്ബുദം സ്ഥിരീകരിച്ചു. തുടർചികിത്സയ്ക്ക് പണം സമാഹരിക്കുന്നതിനിടെയാണ് ചീംസിന്റെ നില ഗുരുതരമാകുന്നത്. ചീംസിനായി സമാഹരിച്ച പണം വേദന അനുഭവിക്കുന്ന മറ്റ് മൃഗങ്ങൾക്ക് വേണ്ടി ചിലവഴിക്കുമെന്നും ഉടമകൾ പറഞ്ഞു.